

Minister for Public Education V Sivankutty said that the Transport Commissioner has directed that cameras be installed in the front, back and inside vehicles of educational institutions to ensure the safety of school children.
സ്‌കൂൾ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ മുൻവശത്തും പുറകിലും അകത്തും ക്യാമറ വെക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതിനാൽ തന്നെ ആ നിർദ്ദേശം പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലാബ് അറ്റന്റർമാരുടെ ടെസ്റ്റുമായി ബന്ധപെട്ട് അടിസ്ഥാന യോഗ്യത, ടെസ്റ്റിന്റെ അംഗീകൃത സിലബസ് എന്നിവ സംബന്ധിച്ച് ഒരു യോഗം വിളിച്ചു ചേർക്കാൻ എസ് സി ഇ ആർ ടി യോട് നിർദ്ദേശിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു.
ലാബ് അറ്റന്റർമാരുടെ ടെസ്റ്റ് അവർ നിയമന സമയത്ത് പാസാകണമെന്നില്ലെന്നും നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നതിനിടയ്ക്ക് പാസായാൽ മതിയെന്നും സ്പെഷ്യൽ റൂൾസിൽ വ്യക്തമാക്കിയിട്ടുണ്ട്.
തസ്തിക മാറ്റം വഴി ഏഴാം ക്ലാസ് യോഗ്യതയും നേരിട്ടുള്ള നിയമനം വഴി എസ്എസ്എൽസി യോഗ്യതയും ഉള്ളവരാണ് സർവ്വീസിലുള്ളത്. ലാബ് അറ്റന്റേഴ്സ് പരീക്ഷ കൃത്യമായ ഇടവേളകളിൽ നടത്താൻ കഴിഞ്ഞിരുന്നില്ല നാലോ അഞ്ചോ വർഷങ്ങളുടെ വ്യത്യാസം പരീക്ഷ നടത്തിപ്പിൽ വന്നിരുന്നു.
നിലവിൽ സർവ്വീസിലുള്ള ഭൂരിപക്ഷം ലാബ് അസിസ്റ്റന്റുമാർക്കും പരീക്ഷ പാസാകാൻ സാധിച്ചിട്ടില്ല, ഇതുമൂലം വർഷത്തിൽ കിട്ടേണ്ട ഇൻക്രിമെന്റ്, ഗ്രേഡ് തുടങ്ങിയ സേവന ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പ്രകാരം 16,008 സ്‌കൂളുകളിലായി 1,35,551 ലാപ്ടോപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
പ്രൊജക്ടർ, സ്‌ക്രീൻ, ടിവി, പ്രിന്റർ, ക്യാമറ, വെബ് ക്യാമറ, സ്പീക്കർ ഉൾപ്പെടെയുള്ളവ ഇതിനോടകം തന്നെ സ്‌കൂളുകളിൽ വിതരണം ചെയ്ത് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് കിഫ്ബി വഴി 683 കോടി രൂപയും പ്രാദേശിക കൂട്ടായ്മയിൽ നിന്നും 135.5 കോടി രൂപയുമാണ് വിനിയോഗിച്ചിട്ടുള്ളത്.
ഇതിനു പുറമെ ഇരുപത്തിയൊമ്പതിനായിരം റോബോട്ടിക് കിറ്റുകൾ സ്‌കൂളുകളിൽ വിന്യസിച്ചിട്ടുണ്ട്. 2.39 കോടി രൂപയാണ് ചെലവ് വന്നിട്ടുള്ളത്. ഇതിനു പുറമെ 5,000 കിറ്റുകൾ കൂടി കുട്ടികൾക്ക് എത്തിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നു മന്ത്രി പറഞ്ഞു.
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്മന്റ് അസ്സോസിയേഷനുകളുമായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തി.
സമന്വയ റോസ്റ്റർ പ്രകാരം ഏകദേശം ഏഴായിരം ഒഴിവുകൾ എങ്കിലും ഭിന്നശേഷി നിയമനത്തിനു മാനേജർമാർ മാറ്റിവെക്കേണ്ടതാണ്. എന്നാൽ ആയിരത്തി നാന്നൂറ് ഒഴിവുകൾ മാത്രമാണ് നിലവിൽ നിയമനത്തിനായി മാനേജർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിലൂടെ ഭിന്നശേഷി സംവരണം അട്ടിമറിക്കുന്ന തരത്തിലുള്ള നിലപാടാണ് കുറച്ച് മാനേജർമാർ ചെയ്യുന്നത്. ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന സ്‌ക്കൂളുകളിൽ മാത്രം ഭിന്നശേഷി ഉദ്യോഗാർത്ഥികളെ നിയമിക്കുകയും, ഒഴിവ് റിപ്പോർട്ട് ചെയ്യാതെ കാത്തിരുന്ന് ഭാവിയിൽ നോൺ അവയിലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി പുറത്ത് നിന്നും മറ്റ് നിയമനം നടത്താം എന്ന അവസ്ഥ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
സുപ്രീം കോടതിയുടെ വിധിപ്രകാരം ഭിന്നശേഷി സംവരണം സംബന്ധിച്ച് നിയമനങ്ങൾ സമയബന്ധിതമായി നടത്തുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇനിമേൽ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ നിന്ന് ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കി ജില്ലാതല സമിതികളാണ് സ്‌കൂൾ മാനേജമെന്റുകൾക്കു, അവർ ആവശ്യപ്പെടുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥിയെ നിയമനത്തിനായി നൽകുന്നത്.
ജില്ലാതല സമിതി മുഖേനയുള്ള ആദ്യത്തെ നിയമന പ്രക്രിയ ഒക്ടോബർ 25 നകം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാതല സമിതി മുഖേനയുള്ള നിയമന പ്രക്രിയ ആവശ്യമെങ്കിൽ വർഷത്തിൽ രണ്ട് തവണ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. പ്രസ്തുത സമിതി പരിശോധിക്കുന്ന അപേക്ഷകൾക്ക് ശേഷവും നിലനിൽക്കുന്ന പരാതികൾ പരിശോധിക്കുന്നതിന് സംസ്ഥാനതലത്തിൽ നവംബർ 10 നകം അദാലത്ത് സംഘടിപ്പിക്കും. അദാലത്തിലേക്കുള്ള അപേക്ഷകൾ ഒക്ടോബർ 30 നകം സംസ്ഥാനതല സമിതിയുടെ കൺവീനറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഓരോ എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷി നിയമനം പൂർണമായും പാലിക്കപ്പെടുന്നതുവരെ 2018 നവംബർ 18നും 2021 നവംബർ എട്ടിനും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് ശമ്പള സ്‌കെയിലിൽ പ്രൊവിഷണലായും 2021 നവംബർ എട്ടിന് ശേഷം ഉണ്ടായ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് ദിവസ വേതന അടിസ്ഥാനത്തിലും നിയമനം നൽകുന്നതിനുമാണ് കോടതി നിർദേശിച്ചത്.
ഭിന്നശേഷി വിഭാഗം ഉദ്യോഗാർത്ഥിയെ ലഭ്യമാക്കി ബാക്ക് ലോഗ് പരിഹരിച്ച് മാനേജർ നിയമിക്കുകയും, ഉദ്യോഗാർത്ഥിക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുന്ന മുറയ്ക്കോ, ആർ.പി.ഡബ്ല്യൂ.ഡി ആക്ട് രണ്ടായിരത്തി പതിനാറ് സെക്ഷൻ മുപ്പത്തി നാലിൽ രണ്ട് പ്രകാരം നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്കോ പ്രസ്തുത കാറ്റഗറിയിൽ പ്രൊവിഷണലായി തുടരുന്ന മറ്റ് നിയമനങ്ങൾ, നിയമന തീയതി മുതൽ വിദ്യാഭ്യാസ ഓഫീസർ പരിശോധിച്ച് റഗുലറൈസ് ചെയ്യാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates