

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ( സിഡാക്- CDAC) CCAT 2026 പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു.
2025 ഡിസംബർ 29 വരെ അപേക്ഷകൾ സമർപ്പിക്കാം. സി ഡാക് (CDAC) നടത്തുന്ന പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റായ cdac.in വഴി അപേക്ഷ സമർപ്പിക്കാം.
കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് സാങ്കേതികവിദ്യാ കേന്ദ്രീകൃതമായ വിഷയങ്ങൾ തുടങ്ങിയ മേഖലകളിലെ സിഡാക്കിന്റെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് സിസിഎടി.
രജിസ്ട്രേഷൻ വിൻഡോ പ്രവർത്തനക്ഷമമായ സാഹചര്യത്തിൽ , പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികളും . അഡ്മിറ്റ് കാർഡുകൾ സംബന്ധിച്ച വിവരങ്ങളും സിഡാക് വിശദീകരിച്ചിട്ടുണ്ട്.
ഡിസംബർ 29 വരെയാണ് അപേക്ഷ സമർപ്പിക്കാനായി സമയം അനുവദിച്ചിട്ടുള്ളത്. സിസിഎടി 2026-ലേക്ക് ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് സി ഡാക് അറിയിച്ചു.
അഡ്മിറ്റ് കാർഡുകൾ: 2026 ജനുവരി ആറ് മുതൽ ജനുവരി 10 വരെ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും.
പരീക്ഷ: 2026 ജനുവരി 10, 11 തീയതികളിൽ രണ്ട് ദിവസങ്ങളിലായി പരീക്ഷ നടക്കും.
യോഗ്യത
വിജ്ഞാപനമനുസരിച്ച്, 10+2+4 അല്ലെങ്കിൽ 10+3+3 പാറ്റേൺ വഴി എൻജിനീയറിങ്ങിലോ ടെക്നോളജി രംഗത്തോ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇതിൽ ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു.
കമ്പ്യൂട്ടർ സയൻസ്, ഐടി അല്ലെങ്കിൽ ഇലക്ട്രോണിക്സ് എന്നിവയിൽ എംഎസ്‌സി അല്ലെങ്കിൽ എംഎസ് ബിരുദമുള്ള, 10+2+3+2 പാറ്റേണിൽ പഠനം പൂർത്തിയാക്കിയവർക്കും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.
പരീക്ഷാ രീതി
CCAT 2026 രണ്ട് ദിവസങ്ങളിലായി ഒബ്ജക്റ്റീവ് പരീക്ഷയായി നടത്തും. പരീക്ഷാർത്ഥികൾ ചേരാൻ ആഗ്രഹിക്കുന്ന പ്രോഗ്രാമിനെ ആശ്രയിച്ച്, അവർ രണ്ടോ മൂന്നോ പേപ്പറുകൾ എഴുതേണ്ടതുണ്ട്. പേപ്പറുകൾ സെക്ഷൻ എ, സെക്ഷൻ ബി, സെക്ഷൻ സി എന്നിങ്ങനെ തിരിച്ചിരിക്കുന്നു, ഓരോന്നിനും ഒരു മണിക്കൂർ സമയമാണ് അനുവദിക്കുക.
ഓരോ വിഭാഗത്തിലും 50 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണുള്ളത്. ഓരോ ശരിയായ ഉത്തരത്തിനും മൂന്ന് മാർക്ക് വീതമുണ്ട്. തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് കുറയ്ക്കും, ഉത്തരം നൽകാത്ത ചോദ്യങ്ങൾക്ക് മാർക്ക് നഷ്ടമാകില്ല.
ഓരോ പേപ്പറിനും പരമാവധി 150 സ്കോർ ലഭിക്കും. പരീക്ഷ ഇംഗ്ലീഷിലാണ് നടത്തുക.
CDAC CCAT 2026-ന് എങ്ങനെ അപേക്ഷിക്കാം
ഔദ്യോഗിക വെബ്സൈറ്റ് cdac.in സന്ദർശിക്കുക.
ഹോംപേജിലെ “CDAC CCAT 2026 രജിസ്ട്രേഷൻ” ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പുതിയ യൂസർ ആയി രജിസ്റ്റർ ചെയ്യുക.
ജനറേറ്റ് ചെയ്ത ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ ഫീസ് അടയ്ക്കുക.
ഫോം സമർപ്പിച്ച് കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക.
ഭാവിയിലെ റഫറൻസിനായി പ്രിന്റ് ചെയ്ത പകർപ്പ് സൂക്ഷിക്കുക.
അപേക്ഷയിലും പരീക്ഷാ കാലയളവിൽ ഉടനീളം അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കാൻ സിഡാക് നിർദ്ദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates