ഗൂഗിൾ എക്‌സിന്റെ മുൻ ചീഫ് ബിസിനസ് ഓഫീസറായ മോ ഗൗദത്ത് പറയുന്നത് ഞെട്ടലുളവാക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും വെള്ളക്കോളർ ജോലി ചെയ്യുന്നവർക്ക്: നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമാകുന്നതോടെ തൊഴിൽ നഷ്ടം സംഭവിക്കുന്നത് താഴെതട്ടിലുള്ള ( എൻട്രി ലെവൽ) ജോലികൾക്ക് മാത്രമല്ലെന്ന് ഗൂഗിൾ എക്‌സിന്റെ മുൻ ചീഫ് ബിസിനസ് ഓഫീസറായ മോ ഗൗദത്ത് അഭിപ്രായപ്പെടുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, സിഇഒമാർ, പോഡ്‌കാസ്റ്റർമാർ എന്നിവരുൾപ്പെടെ എല്ലാവർക്കും പകരമാകും എ ഐ എന്ന് അദ്ദേഹം പറയുന്നു.
"ഡയറി ഓഫ് എ സിഇഒ" പോഡ്‌കാസ്റ്റിലെ സംഭാഷണത്തിലാണ് അദ്ദേഹം ഇതിനെ കുറിച്ച് വിശദീകരിച്ചത്. അടുത്ത ദശകത്തിൽ മിക്ക 'വിജ്ഞാന തൊഴിലാളി'കൾക്കും എ ഐ ബദലാകുമെന്നാണ് ഗൗദത്തിന്റെ പ്രവചനം, ഈ പരിവർത്തനം സംഭവിക്കുന്ന വേഗത്തെ പലരും ഇപ്പോഴും ലാഘവത്തോടെയാണ് കാണുന്നത് പറഞ്ഞു.
നിർമ്മിത ബുദ്ധി കൊണ്ട്, ബന്ധങ്ങളിൽ ശ്രദ്ധയൂന്നുന്നതിനായി വികസിപ്പിക്കുന്ന വെറും മൂന്ന് പേർ മാത്രം നടത്തുന്നതുമായ തന്റെ സ്വന്തം സ്റ്റാർട്ടപ്പായ Emma.love നെ അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചു. "പണ്ടായിരുന്നുവെങ്കിൽ ആ സ്റ്റാർട്ടപ്പിന് 350 ഡെവലപ്പർമാർ ഉണ്ടാകുമായിരുന്നു," അദ്ദേഹം പറഞ്ഞു.
"പോഡ്‌കാസ്റ്റർ മാറ്റിസ്ഥാപിക്കപ്പെടും," അദ്ദേഹം പരിപാടിയുടെ  അവതാരകനായ സ്റ്റീവൻ ബാർട്ട്ലെറ്റിനോട് പറഞ്ഞു.
ഉന്നതരായ പ്രൊഫഷണലുകൾ പോലും തങ്ങളെ ഇത് ബാധിക്കില്ല എന്ന് കരുതരുത്. "എജിഐ (ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ്) എല്ലാ കാര്യങ്ങളിലും മനുഷ്യരേക്കാൾ മികച്ചതാകാം - ഒരു സിഇഒ ആകുന്നത് ഉൾപ്പെടെ എല്ലാത്തിലും. അവർ ചിന്തിക്കാത്ത ഒരു കാര്യം എ ഐ അവർക്കും പകരമാകും എന്നതാണ്."അദ്ദേഹം പറഞ്ഞു.
ടെക് സ്ഥാപനത്തിന്റെ ഗവേഷണ വിഭാഗമായ ഗൂഗിൾ എക്‌സിൽ മുമ്പ് ജോലി ചെയ്തിരുന്ന ഗൗദത്ത്, വർത്തമാന കാലത്തെ ചെറിയ പരിവർത്തന ഘട്ടമായിട്ടാണ് വിശേഷിപ്പിച്ചത് - "ഓഗ്മെന്റഡ് റിയാലിറ്റിയുടെ യുഗം" - അതിൽ മനുഷ്യർക്ക് ഇപ്പോഴും ഏഐ യോടൊപ്പം പ്രവർത്തിക്കാൻ കഴിയും.പക്ഷേ അസിസ്റ്റന്റുമാർ മുതൽ ആർക്കിടെക്റ്റുകൾ വരെയുള്ള മുഴുവൻ റോളുകളും എഐ സംവിധാനങ്ങൾ നിർവഹിക്കുന്ന നിലയിൽ,അത് വൈകാതെ "മെഷീൻ മാസ്റ്ററിക്ക്" വഴിമാറും.
താൻ എ ഐ യെ എതിർക്കുന്നില്ലെന്ന് പറഞ്ഞ ഗൂഗിൾ മുൻ സി ബി ഒ, സ്നേഹം, ബന്ധം തുടങ്ങിയ മാനുഷിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ധാർമ്മിക സംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ താൻ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ധാർമ്മികതയിൽ ഊന്നിനിൽക്കുന്നവരല്ല, ലാഭാർത്തിയും അഹംഭാവവും കൊണ്ട് നയിക്കപ്പെടുന്ന ആളുകളും സ്ഥാപനങ്ങളുമാണ് എഐ വിന്യസിക്കുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
"നിങ്ങൾ ഏറ്റവും ഉയർന്ന 0.1% ൽ ഉൾപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ ദരിദ്രനാണ്, മധ്യവർഗം എന്നൊന്നില്ല." ഗൗദത്ത് പറഞ്ഞു.
2027 ഓടെ ആരംഭിക്കുന്ന ഒരു "ഹ്രസ്വകാല വിനാശകാലം (ഡിസ്റ്റോപ്പിയ)" പ്രവചിച്ച അദ്ദേഹം, വൻതോതിലുള്ള തൊഴിലില്ലായ്മ, സാമൂഹിക അശാന്തി, പൊരുത്തപ്പെടാൻ കഴിയാത്ത സാമ്പത്തിക ഘടന എന്നിവയിലൂടെ കടന്നുപോകുമെന്ന് നിരീക്ഷിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും, സ്വാതന്ത്ര്യം, സർഗ്ഗാത്മകത, മാനുഷിക ബന്ധം എന്നിവയാൽ നിറഞ്ഞ മെച്ചപ്പെട്ട ഭാവി സാധ്യമാണെന്ന് ഗൗദത്ത് പ്രത്യാശ പ്രകടിപ്പിച്ചു.
"ഞങ്ങളെ എല്ലാ ദിവസവും രാവിലെ ഉണർത്തി ദിവസത്തിന്റെ 20 മണിക്കൂർ ജോലിയിൽ ഏർപ്പെടാൻ ഒരിക്കലും നിർബന്ധിച്ചിട്ടില്ല," "ഞങ്ങളുടെ ലക്ഷ്യത്തെ ജോലി എന്ന് ഞങ്ങൾ നിർവചിച്ചു - അതൊരു മുതലാളിത്ത നുണയാണ്." അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഇന്ന് നമ്മൾ ചെയ്യേണ്ട ഏറ്റവും വലിയ കാര്യമാണിത്, വിശ്വസിച്ചാലും ഇല്ലെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തേക്കാൾ വലുതാണിത്,"
വ്യവസായ ആവശ്യം മന്ദഗതിയിലാക്കാനും തൊഴിൽ നഷ്ടപ്പെടുന്ന ആളുകൾക്ക് ആവശ്യമായ സഹായ സംവിധാനങ്ങൾക്ക് ധനസഹായം നൽകാനും എഐയിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് 98% നികുതി ചുമത്തണമെന്ന് അദ്ദേഹം സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
"അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലോകത്തെ മുഴുവൻ ബാധിക്കുന്ന, അവിശ്വസനീയമാംവിധം അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത കാലാവസ്ഥാ വ്യതിയാനത്തേക്കാൾ എഐ ഉള്ളപ്പോൾ തീർച്ചയായും കൂടുതലാണ്," ഗൗദത്ത് പറഞ്ഞു.
ഇതേ പോഡ്‌കാസ്റ്റിന്റെ 2023 ലെ ഒരു എപ്പിസോഡിൽ, എഐ "ഒരു അടിയന്തരാവസ്ഥയ്ക്കും അപ്പുറമാണ്" എന്ന് അദ്ദേഹം പറഞ്ഞതായി ബിസിനസ് ഇൻസൈഡറിൽ വന്നൊരു ലേഖനത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
