ഗെയിം കളിക്കാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. ഒരു ലെവൽ പൂർത്തിയാക്കുമ്പോഴും അടുത്തത് എന്താണെന്ന് അറിയാനുള്ള വല്ലാത്ത ഒരു ആകാംക്ഷ എല്ലാവർക്കും ഉണ്ടാകും. ഓരോ ഘട്ടങ്ങൾ കഴിയുന്തോറും അത് വല്ലാതെ വർധിക്കും. അടുത്തത് എന്താകും സംഭവിക്കുക എന്നറിയാനായി ഗെയിം കളിക്കുന്നത് നമ്മൾ തുടരുകയും ചെയ്യും.
ഈ ആകാംക്ഷ നമ്മുടെ മറ്റ് മേഖലയിൽ ഉപയോഗിച്ചാലോ ? വ്യക്തമായില്ല അല്ലേ, ലളിതമായി പറഞ്ഞാൽ ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ എപ്പോഴെങ്കിലും നിങ്ങളുടെ സുഹൃത്ത് 'ലഡു' ഉണ്ടോ എന്ന് ചോദിച്ചു ഒരു മെസ്സേജ് അയച്ചിട്ടുണ്ടാകും. ഗൂഗിൾ പേ വഴി ലഭിക്കുന്ന വിർച്വൽ ലഡുവിന്റെ കാര്യമാണ് പറയുന്നത്.
ഗൂഗിൾ പേ ആവശ്യപ്പെടുന്ന അത്രയും ലഡു നമ്മൾ സംഘടിപ്പിച്ചാൽ ഒരു ചെറിയ സമ്മാനം ലഭിക്കും. ഇതിനായി സുഹൃത്തുകൾക്ക് നമ്മൾ ഗൂഗിൾ പേ വഴി മെസ്സേജുകൾ അയച്ചും ചെറിയ പണമിടപാടുകൾ നടത്തിയുമൊക്കെ ലഡു സമ്പാദിക്കാൻ ശ്രമിക്കില്ലേ. ഇത് ശരിക്കും ഒരു ഗെയിം തന്നെയല്ലേ ? അടുത്ത ലഡു കണ്ടെത്താനുള്ള ആകാംഷയാണ് നമ്മളെ ഇതോടെ ചെയ്യാൻ പ്രേരിപ്പിച്ചത്.
ഈ ആകാംക്ഷ ഡിജിറ്റൽ വിദ്യാഭ്യാസം, സെയിൽസ്, മാർക്കറ്റിങ് എന്നിങ്ങനെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന നിരവധി മേഖലകളിൽ ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിയുമോ? എങ്കിൽ നിങ്ങൾക്ക് ഇത് ഒരു കരിയർ ആക്കി മാറ്റാം. ഗെയിമിഫിക്കേഷൻ എന്നൊരു കോഴ്സ് ആണ് നിങ്ങൾ ഇതിനായി പഠിക്കേണ്ടത്. ഇതേ പറ്റി കരിയർ വിദഗ്ധനായ പ്രവീൺ പരമേശ്വർ പറയുന്നത് കേൾക്കാം
ഗെയിം അല്ലാത്ത കാര്യങ്ങൾ, ഗെയിമിന്റെ രീതി ഉപയോഗിച്ച് വിനിമയം നടത്തുന്നു. അതിലൂടെ, ഉപഭോക്താവായ വ്യക്തി ഇതിൽ കൂടുതൽ പങ്കാളിയാവുകയും അടുത്ത ഘട്ടത്തിൽ താൽപ്പര്യം കാണിക്കുകയും ചെയ്യും. ഉദാഹരണത്തിന് യാത്രയുടെ കാര്യത്തിൽ, കാർഡ്, യു പി ഐ തുടങ്ങിയവ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുമ്പോൾ കിട്ടുന്ന റിവാർഡ് പോയിന്റ്സ്, അല്ലെങ്കിൽ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന ഫ്രീക്വന്റ് ഫ്ലയർ റിവാർഡ്സ് ഒക്കെ ലഭിക്കുന്നതിന് ഗെയിമുകളുടെ രീതി ഉപയോഗിക്കുന്നു. ഇതേ സംവിധാനം ആവർത്തിച്ച് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനോ,അതേ വിമാനക്കമ്പനിയുടെ വിമാനത്തിൽ യാത്ര ചെയ്യാനോ ഉള്ള ആഗ്രഹം ആ സ്ഥാപനങ്ങളെ സഹായിക്കും. അതുപോലെ തന്നെ, ഇതിലെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനുള്ള പ്രചോദനം ഉപഭോക്താവിനും ഉണ്ടാകും. നേട്ടങ്ങൾക്കായുള്ള മനുഷ്യരുടെ സ്വാഭാവിക പ്രവണതയെ വർദ്ധിപ്പിക്കുകയാണ് ഗെയിമിഫിക്കേഷനിലൂടെ സംഭവിക്കുന്നത്.
ഗെയിമിഫിക്കേഷനുമായി ബന്ധപ്പെട്ട കോഴ്സുകളുടെ അടിസ്ഥാന പാഠങ്ങൾ സൗജന്യമായി തന്നെ പഠിക്കാൻ കഴിയുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates