

മൈക്രോസ്ഫോറ്റിൽ നിന്ന് കരിയർ ആരംഭിക്കുക എന്നത് നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ, ഇപ്പോൾ അതിനുള്ള അവസരമാണ്. മൈക്രോസോഫ്റ്റ് ഇന്റേൺഷിപ്പ് 2026-ന് അപേക്ഷ ക്ഷണിച്ചു, ഇതിൽ ടെക്, നോൺ-ടെക് പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ഈ ഇന്റേൺഷിപ്പ് അവസരം വിദ്യാർത്ഥികൾക്ക് പുതിയൊരു ലോകം പരിചയപ്പെടുത്തുന്നതിന് വഴിയൊരുക്കും. വ്യവസായമേഖലയിലെ പ്രായോഗിക അനുഭവം നേടാനും, അത്യാധുനിക പ്രോജക്ടുകളിൽ പ്രവർത്തിക്കാനും, ഈ മേഖലയിലെ പ്രമുഖരായ പ്രൊഫഷണലുകളിൽ നിന്ന് കാര്യങ്ങൾ നേരിട്ട് പഠിക്കാനുമുള്ള അവസരം ലഭിക്കുന്നു.
വ്യവസായ മേഖലയിലെ പരിചയസമ്പത്തും, മുതിർന്ന പ്രൊഫഷണലുകളിൽ നിന്നുള്ള മെന്റർഷിപ്പും, ആഗോള നെറ്റ്‌വർക്കിങ്ങിനുള്ള അവസരങ്ങളും ഉള്ളതാണ് മൈക്രോസോഫ്റ്റിന്റെ ഇന്റേൺഷിപ്പ്, എൻജിനീയർ, ഡിസൈനർ, അനലിസ്റ്റ്, ബിസിനസ്സ് പ്രൊഫഷണൽ എന്നിവർക്ക് കരിയർ ആരംഭിക്കാനുള്ള മികച്ച ഇടമായി ഇതിനെ മാറ്റുന്നു.
അക്കൗണ്ട് മാനേജ്മെന്റ്, ക്ലൗഡ് സൊല്യൂഷൻ ആർക്കിടെക്ചർ, സോഫ്റ്റ്‌വെയർ എൻജിനിയറിങ്, അപ്ലൈഡ് സയൻസസ്, മറ്റ് അനുബന്ധ മേഖലകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഇന്റേൺഷിപ്പ് അവസരങ്ങൾക്കാണ് മൈക്രോസോഫ്റ്റ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
ചില ഇന്റേൺഷിപ്പുകൾ 2026 ജനുവരിയിൽ ആരംഭിക്കും. ചിലത് 2026 ജൂലൈയിലാണ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
സാധാരണ പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്തമായി, മൈക്രോസോഫ്റ്റിന്റെ ഇന്റേൺഷിപ്പ് സമഗ്രമായ അനുഭവം നൽകുന്നു, ഇതിൽ പങ്കെടുക്കുന്നവർക്ക് ബിസിനസ്, സാങ്കേതിക പദ്ധതികളിൽ തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാൻ അവസരം ലഭിക്കാം.
*എഐ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡേറ്റാ സയൻസ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളെ കുറിച്ച് കൂടുതൽ അടുത്തറിയാൻ സാധിക്കും.
*മുതിർന്ന മൈക്രോസോഫ്റ്റ് പ്രൊഫഷണലുകളിൽ നിന്നുള്ള പ്രായോഗിക മാർഗ്ഗനിർദ്ദേശം.
*ആഗോള സഹകരണത്തിനും നെറ്റ്‌വർക്കിങ്ങിനുമുള്ള അവസരങ്ങൾ
* തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഫ്ലെക്സിബിളും ഹൈബ്രിഡും ആയ ജോലി ക്രമീകരണങ്ങൾ
*മികച്ച സ്റ്റൈപൻഡും മറ്റ് ആനുകൂല്യങ്ങളും
കമ്പ്യൂട്ടർ സയൻസ്, ഐടി, എൻജിനിയറിങ്, ബിസിനസ് മാനേജ്മെന്റ്, ഡിസൈൻ, മാർക്കറ്റിങ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിൽ അപേക്ഷിക്കാം. ടെക്നിക്കൽ, സ്ട്രാറ്റജിക്, ക്രിയേറ്റീവ് ആയ വൈവിധ്യമാർന്ന മേഖലകൾ ഇന്റേൺഷിപ്പ് ഉൾക്കൊള്ളുന്നുവെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ മൈക്രോസോഫ്റ്റ് പ്രോത്സാഹിപ്പിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് അല്ലെങ്കിൽ എംബിഎ ബിരുദം ഉള്ളവരും പ്രോബ്ലം സോൾവിങ്, ആശയവിനിമയ കഴിവുകൾ ഉള്ളവരുമായിരിക്കണം.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് മൈക്രോസോഫ്റ്റിന്റെ കരിയർ പേജ് സന്ദർശിച്ച്, സ്ഥലം അല്ലെങ്കിൽ ഫീൽഡ് അനുസരിച്ച് "ഇന്റേൺഷിപ്പ് 2026" എന്ന് തെരഞ്ഞുകൊണ്ട്, അവരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്ത്, ഒരു റെസ്യൂമെ, കവർ ലെറ്റർ, അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകൾ എന്നിവ സമർപ്പിച്ചുകൊണ്ട് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അസസ്‌മെന്റുകളും വെർച്വൽ അഭിമുഖങ്ങളും ഉണ്ടാകും. അതിന് ശേഷമായിരിക്കും അന്തിമപ്പട്ടിക തയ്യാറാക്കുക.
മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: https://careers.microsoft.com/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates