

മധ്യപ്രദേശ് പൊലിസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷയക്ക് ഒഴിവുകളേക്കാൾ 125 ഇരട്ടി അപേക്ഷകർ. നിലവിൽ മധ്യപ്രദേശ് സംസ്ഥാനത്തൊട്ടാകെ 7,500 കോൺസ്റ്റബിൾ തസ്തികകളിലാണ് ഒഴിവുള്ളത്. എന്നാൽ ഇതിനായി അപേക്ഷ നൽകിയത് ഏകദേശം 9.5 ലക്ഷം ഉദ്യോഗാർത്ഥികളാണ്.
പൊലിസ് കോൺസ്റ്റബിൾ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആണ്. എന്നാൽ, അപേക്ഷകരിൽ ഒരു ലക്ഷത്തോളം പേർ ബിരുദം, ഉന്നതബിരുദവും പ്രൊഫഷണൽ ബിരുദവും ഉള്ളവരാണ്.
ലഭ്യമായ കണക്കുകൾ പ്രകാരം അപേക്ഷകരിൽ 52,000 ബിരുദാനന്തര ബിരുദധാരികളും 33,000 ബിരുദധാരികളും 12,000 എൻജിനിയർമാരും പിഎച്ച്ഡി നേടിയ 50 പേരും ഉൾപ്പെടുന്നു.
ഒക്ടോബർ 30 ന് റിക്രൂട്ട്‌മെന്റ് പരീക്ഷ നടക്കും, രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. ഒന്ന് രാവിലെ 9:30 മുതൽ 11:30 വരെയും മറ്റൊന്ന് ഉച്ചയ്ക്ക് 2:30 മുതൽ 4:30 വരെയും.
മധ്യപ്രദേശിലെ പല വിദ്യാസമ്പന്നരായ യുവാക്കൾക്കും, കോൺസ്റ്റബിൾ പരീക്ഷ എഴുതുന്നത് ഒരു ജോലി എന്ന നിലയില്ല, മറിച്ച് സ്ഥിരതയുള്ളജോലി എന്നതാണ് അവരെ ആകർഷിക്കുന്നത്.
സ്ഥിരമായ തൊഴിലവസരങ്ങളുടെ അഭാവം ഉന്നത ബിരുദധാരികളെ പോലും പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്നുവെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
മധ്യപ്രദേശിൽ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി കണ്ടെത്താൻ ഏറെ ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് ശേഷമാണ് താൻ ഈ ജോലിക്ക് അപേക്ഷ സമർപ്പിച്ചതെന്ന് ചിന്ദ്വാരയിൽ നിന്നുള്ള എംബിഎ ബിരുദധാരിയായ പല്ലവി ചൗക്കിക്കർ ഇന്ത്യാടുഡേയോട് പറഞ്ഞു
“എംഎസ്‌സി കഴിഞ്ഞിട്ടും എനിക്ക് ജോലി ലഭിക്കാത്തപ്പോൾ, കോൺസ്റ്റബിൾ നിയമനത്തിന് അപേക്ഷിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു.”ഗണിതശാസ്ത്രത്തിൽ എംഎസ്‌സി നേടിയ നിധി ധോട്ടെ അഭിപ്രായപ്പെട്ടു.
സർക്കാർ ജോലി ലഭിക്കുന്നത് ഗ്രാമത്തിലെ വലിയ കാര്യമാണെന്നും അത് സ്ഥിരതയുള്ളതാണെന്നതും കൊണ്ടാണ് ഇതിന് അപേക്ഷിച്ചതെന്ന് ബിഎസ് സി, എം എ ബിരുദങ്ങളുള്ള വിജയ് വർമ്മ ഇന്ത്യാടുഡേയോട് പറഞ്ഞു.
ഇന്ത്യയിൽ വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികൾ ലഭിക്കാൻ യുവജനങ്ങൾ ബുദ്ധിമുട്ടുന്നവെന്നതിന് ഉദാഹരണമാവുകയാണ് മധ്യപ്രദേശിലെ ഈ കണക്കുകൾ. കഴിഞ്ഞ മാസം രാജസ്ഥാനിൽ പ്യൂൺ തസ്തികയിലും സമാനമായ അനുഭവം ഉണ്ടായിരന്നു.
രാജസ്ഥാനിൽ പ്യൂൺ തസ്തികയിലേക്ക് നടന്ന പരീക്ഷയ്ക്ക് അപേക്ഷിച്ചത് ആകെ ഒഴിവുള്ള തസ്തികകളേക്കാൾ ഏകദേശം അമ്പത് ഇരട്ടി ആയിരുന്നു. അകെ 53,000 ഒഴിവുകൾ നികത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചത്. എന്നാൽ അപേക്ഷിച്ചത് 25 ലക്ഷത്തിലധികംപേരായിരുന്നു.
പ്യൂൺ തസ്തികയിലേക്കുള്ള യോഗ്യത പത്താം ക്ലാസ് ആയിരുന്നു. എന്നാൽ ഈ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ 90 ശതമാനം പേരും ഉന്നത വിദ്യാഭ്യാസ യോഗ്യതകളുള്ളവരായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates