

ഇത്തവണ സ്കൂളുകളിൽ ആദ്യ പാദം മുതൽ വീണ്ടും നടപ്പാക്കുന്ന മിനിമം മാർക്ക് സംവിധാനവും പഠനപിന്തുണയും സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
സർക്കാർ, എയിഡഡ് സ്കൂളുകളിൽ ആദ്യപാദ (ഓണപ്പരീക്ഷ) എഴുത്തു പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനം നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾ ഓരോവിഷയത്തിനും മിനിമം മാർക്ക് നേടേണ്ടതുണ്ട്. കഴിഞ്ഞവർഷം വർഷാന്ത്യ പരീക്ഷയിൽ മിനിമം മാർക്ക് സംവിധാനവും പഠനപിന്തുണയും നൽകിയിരുന്നു. ഇത്തവണ അത് ഓണപ്പരീക്ഷ മുതൽ നടപ്പാക്കുകയാണ്.
പൊതുവിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് എഴുത്ത് പരീക്ഷയിലെ മിനിമം മാർക്ക് സംവിധാനം നടപ്പാക്കുന്നത്. ഓരോവിഷയത്തിനും എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 30 ശതമാനം മാർക്ക് വീതം നേടേണ്ടതുണ്ട്. ഇത്രയും മാർക്ക് നേടാത്ത കുട്ടികളുടെ കാര്യത്തിൽ പഠന പിന്തുണ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം.
പരീക്ഷാഫലം ഓണാവധി കഴിഞ്ഞ് ഒമ്പതാം തീയതിയോടെ പ്രഖ്യാപിക്കണം. തുടർന്നുളള രണ്ട് ദിവസങ്ങളിലായി വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം വിശകലനം ചെയ്യുകയും ആവശ്യമുള്ളവർക്കായി പഠന പിന്തുണ പരിപാടി ആസൂത്രണം നടത്തുകയും വേണം. 10, 11 തീയതികളിൽ ഇത് പൂർത്തിയാക്കി കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം 12 ആം തീയതി തന്നെ, മിനിമം മാർക്ക് നേടാത്ത കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം സ്കൂളിൽ വിളിച്ച് ചേർക്കണം. അതിന് ശേഷം പഠനപിന്തുണ പരിപാടി ആരംഭിക്കണം.
26 വരെയാണ് പഠനപിന്തുണ പരിപാടി നടത്തേണ്ടത്. ഈ പരിപാടിക്ക് ശേഷം ഇത് വിദ്യാർത്ഥികളിൽ സൃഷ്ടിച്ച മാറ്റത്തെ കുറിച്ചും ഇനി ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചും അദ്ധ്യാപകർ വിലയിരുത്തണം
ഈ പദ്ധതി സ്കൂളുകളിൽ നടപ്പാക്കാൻ പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടാകണം. എ ഇ ഒ മുതലുള്ള വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ജില്ലാതലത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് അതത് ഡിഡിഇമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates