

സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമായി സംസ്ഥാന സർക്കാർ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് (PGDeG) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗവേണൻസ് പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജീവനക്കാരുടെ ശേഷി വർധിപ്പിക്കുകയും ഐടി വിഭാഗങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയുമാണ് കോഴ്‌സിന്റെ ലക്ഷ്യം.
കോഴ്സിൽ മൊത്തം 30 സീറ്റുകളാണ് ഉള്ളത്, ഇതിൽ 15 എണ്ണം സർക്കാർ ജീവനക്കാർക്കും 15 എണ്ണം പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമായാണ് മാറ്റിവച്ചിട്ടുള്ളത്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് കോഴ്സ് നടത്തുന്നത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിചയവുമുള്ള, 2025 ജനുവരി 1-ന് 45 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. ബി.ടെക്, എംബിഎ, എംസിഎ, ബിസിഎ, കമ്പ്യൂട്ടർ സയൻസ്/ഐടി ബിരുദധാരികൾക്ക് മുൻഗണന ലഭിക്കും.
ഓരോ വകുപ്പിൽ നിന്നും പരമാവധി മൂന്ന് പേരെ നോമിനേറ്റ് ചെയ്യാം. അപേക്ഷകർ https://duk.ac.in/admission/apply/ വഴി ഓൺലൈനായി അപേക്ഷിക്കണം.
പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) എന്നിവ അപ്‌ലോഡ് ചെയ്യണം. എഴുത്തുപരീക്ഷയും അഭിമുഖവും വഴിയാണ് തെരഞ്ഞെടുപ്പ്. പരീക്ഷയിൽ കമ്പ്യൂട്ടർ, ഐടി, മാനേജ്‌മെന്റ്, ആപ്റ്റിറ്റ്യൂഡ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടും. ഇ-ഗവേണൻസ് പദ്ധതികൾ നടപ്പാക്കുന്ന വകുപ്പുകളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും.
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇ-ഗവേണൻസ് പദ്ധതികളുടെ നടത്തിപ്പിൽ നിർണായക പങ്ക് വഹിക്കാൻ അവസരം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. വിശദവിവരങ്ങൾക്ക്: 0471 155300, 9446142347 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates