ഏറെ പ്രതീക്ഷയോടെ ഉദ്യോഗാർത്ഥികൾ കാത്തിരുന്ന റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ (RRB) NTPC ഗ്രാജുവേറ്റ് ലെവൽ തസ്തികയുടെ പൂർണമായ വിജ്ഞാപനം പുറത്തിറക്കി. വിവിധ നോൺ-ടെക്‌നിക്കൽ വിഭാഗങ്ങളിലായി 5810 ഒഴിവുകളാണ് ഉള്ളത്.
സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികയിലാണ് നിയമനം നടത്തുന്നത്. 18 നും 33 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. പട്ടികജാതി, പട്ടികവർഗ്ഗ, ഒബിസി തുടങ്ങിയ സംവരണ വിഭാഗങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ വിശദമായി പരിശോധിക്കാം.
ഒന്നാം ഘട്ടം: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)
എല്ലാ തസ്തികകൾക്കും പൊതുവായ ഒരു സ്ക്രീനിംഗ് പരീക്ഷയാണിത്. 90 മിനിറ്റിനുള്ളിൽ പൂർത്തിയാക്കേണ്ട 100 ഒബ്ജക്റ്റീവ് തരം ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടും. ജനറൽ അവയർനെസ് (40 മാർക്ക്), മാത്തമാറ്റിക്സ് (30 മാർക്ക്), ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് (30 മാർക്ക്) എന്നീ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഓരോ തെറ്റായ ഉത്തരത്തിനും 1/3 എന്ന നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഈ പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് അനുസരിച്ചാണ് അടുത്ത ഘട്ടത്തിലേക്ക് ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക.
രണ്ടാം ഘട്ടം: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)
രണ്ടാം ഘട്ടത്തിലും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്. 90 മിനിറ്റിനുള്ളിൽ 120 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ജനറൽ അവയർനെസ് (50 മാർക്ക്), മാത്തമാറ്റിക്സ് (35 മാർക്ക്), ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് (35 മാർക്ക്) എന്നിവയാണ് വിഭാഗങ്ങൾ. ആദ്യ ഘട്ടത്തിലെന്നപോലെ, തെറ്റായ ഉത്തരങ്ങൾക്ക് 1/3 എന്ന നെഗറ്റീവ് മാർക്ക് ഉണ്ട്. ഈ ഘട്ടത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.
മൂന്നാം ഘട്ടം: സ്കിൽ ടെസ്റ്റ്
കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ (CBAT): സ്റ്റേഷൻ മാസ്റ്റർ, ട്രാഫിക് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇത് നിർബന്ധമാണ്.
കമ്പ്യൂട്ടർ അധിഷ്ഠിത ടൈപ്പിംഗ് സ്കിൽ ടെസ്റ്റ് (CBTST): ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകൾക്ക് ഇത് ആവശ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് മിനിറ്റിൽ 30 വാക്കുകൾ (WPM) ഇംഗ്ലീഷിൽ അല്ലെങ്കിൽ 25 WPM ഹിന്ദിയിൽ ടൈപ്പ് ചെയ്യാൻ കഴിയണം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20. പൂർണമായ വിജ്ഞാപനം കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും https://www.rrbapply.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates