

സ്റ്റാഫ് സെലക്ഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (SSC CHSL 2025) പരീക്ഷാർത്ഥികൾക്ക് അവരുടെ ഇഷ്ടപ്പെട്ട പരീക്ഷാ നഗരം, തീയതി, ഷിഫ്റ്റ് എന്നിവ തെരഞ്ഞെടുക്കാൻ കഴിയും.
2025 ലെ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSL) പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഇഷ്ടപ്പെട്ട പരീക്ഷാ നഗരം, തീയതി, ഷിഫ്റ്റ് എന്നിവ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന പുതിയ സംവിധാനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പ്രഖ്യാപിച്ചു.
ഈ പുതിയ സെൽഫ്-സ്ലോട്ട് സെലക്ഷൻ സൗകര്യം ഉദ്യോഗാർത്ഥികൾക്ക് പരീക്ഷകൾ ആസൂത്രണം ചെയ്യുമ്പോൾ കൂടുതൽ സൗകര്യം നൽകുന്നു.
ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡിഇഒ) തുടങ്ങിയ തസ്തികകളിലേക്കുള്ള 3,131 ഒഴിവുകളിലേക്കാണ് എസ്എസ് സി സിഎച്ച്എസ്എൽ 2025 പരീക്ഷ നടത്തുന്നത്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്ന് ഈ പരീക്ഷയ്ക്ക് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
എസ് എസ് നടത്തുന്ന 2025 ലെ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ ടയർ 1 പരീക്ഷ 2025 നവംബർ 12 ന് ആരംഭിക്കും.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ 2025 ഒക്ടോബർ 22 നും ഒക്ടോബർ 28 നും ഇടയിൽ എസ് എസ് സി (SSC) വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇഷ്ടപ്പെട്ട സ്ലോട്ടുകൾ തെരഞ്ഞെടുക്കണം. അപേക്ഷകർക്ക് അവരുടെ അപേക്ഷാ നടപടിയിൽ പരാമർശിച്ചിരിക്കുന്ന മൂന്ന് നഗരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കാനും പരീക്ഷയ്ക്ക് സൗകര്യപ്രദമായ തീയതിയും ഷിഫ്റ്റും തെരഞ്ഞെടുക്കാനും കഴിയും.
പ്രാദേശിക ഭാഷകൾ തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് തീയതികളുടെയും ഷിഫ്റ്റുകളുടെയും ലഭ്യത പരിമിതമായിരിക്കാൻ സാധ്യതയുണ്ട്.
തെരഞ്ഞെടുത്ത സ്ലോട്ടുകൾ ഇതിനകം സെലക്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ എന്തുചെയ്യും?
ഒരു ഉദ്യോഗാർത്ഥിയുടെ ഇഷ്ടപ്പെട്ട സ്ലോട്ടുകൾ ഇതിനകം സമ്പൂർണ്ണായിട്ടുണ്ടെങ്കിൽ , കമ്മീഷൻ, അതിൽ നിന്ന് ലഭ്യമായ ഒരു സ്ലോട്ട് നൽകുമെന്ന് എസ് എസ് സി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഉദ്യോഗാർത്ഥികൾക്ക് അവരുടെ ആദ്യ തെരഞ്ഞെടുപ്പ് അനുസരിച്ചുള്ള തീയതിയോ ഷിഫ്റ്റോ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
അപേക്ഷകർ അവരുടെ സ്ലോട്ടുകൾ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കണം, കാരണം ഇത് സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ മാറ്റങ്ങളൊന്നും അനുവദിക്കില്ല.
തീയതി, നഗരം, ഷിഫ്റ്റ് എന്നിവയ്ക്കുള്ള ഓപ്ഷൻ നിർദ്ദിഷ്ട വിൻഡോയിൽ കൂടി വേണം പൂരിപ്പിക്കേണ്ടത്. അങ്ങനെ ചെയ്യാത്ത ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നില്ല എന്ന് കണക്കാക്കുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.
ssc.gov.in എന്ന ഔദ്യോഗിക എസ്‌എസ്‌സി വെബ്‌സൈറ്റ് സന്ദർശിച്ച് ഉദ്യോഗാർത്ഥിയുടെ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
അതിന് ശേഷം ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടപ്പെട്ട പരീക്ഷാ സ്ലോട്ട് തെരഞ്ഞെടുക്കാം. ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, സ്ലോട്ട് സെലക്ഷൻ ഓപ്ഷനിലേക്ക് നാവിഗേറ്റ് ചെയ്യണം, ഇഷ്ടപ്പെട്ട പരീക്ഷാ തീയതിയും ഷിഫ്റ്റും തെരഞ്ഞെടുക്കുക.
തുടർന്ന് തെരഞ്ഞെടുപ്പ് സേവ് ചെയ്ത് സമർപ്പിക്കുക. ഭാവി റഫറൻസിനായി കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യണം.
ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി, പോർട്ടലിൽ സ്ക്രീൻഷോട്ടുകൾ സഹിതമുള്ള വിശദമായ, ഗൈഡ് എസ് എസ് സി നൽകും. കൂടുതൽ അപ്‌ഡേറ്റുകൾക്കും വിശദാംശങ്ങൾക്കും ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ssc.gov.in പരിശോധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates