

യുജിസിയുടെ 1956 ലെ നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാത്തതിനും അതത് സംബന്ധിച്ച അവശ്യമായ വിവരങ്ങൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യാത്തതിനും വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 54 സ്വകാര്യ സർവകലാശാലകൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നോട്ടീസ് നൽകി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും വേണമെന്ന ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് 54 സ്വകാര്യ സർവകലാശാലകൾക്കെതിരെ യുജിസി നടപടി സ്വീകരിച്ചത്.
യുജിസി 2024 ജൂൺ 10-ന് പുറപ്പെടുവിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ പൊതുവിടങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന (Public Self-Disclosure) നിർദ്ദേശം പാലിക്കാത്തതിനാണ് നടപടി.2024 മാർഗനിർദ്ദേശങ്ങളെക്കുറിച്ചാണ് നോട്ടീസിൽ പരാമർശിക്കുന്നത്.
ലോഗിൻ അല്ലെങ്കിൽ രജിസ്ട്രേഷൻ ഇല്ലാതെ പൊതുജനങ്ങൾക്ക് പ്രധാന വിവരങ്ങൾ ലഭിക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തനക്ഷമമായ വെബ്‌സൈറ്റുകൾ സർവകലാശാലകൾ പരിപാലിക്കണമെന്ന് ഈ മാർഗനിർദ്ദേശങ്ങൾ ആവശ്യപ്പെടുന്നു.
സർവകലാശാലകൾ അവരുടെ രജിസ്ട്രാർ ഓഫീസ് വഴി സാക്ഷ്യപ്പെടുത്തിയ രേഖകൾക്കൊപ്പം വിശദമായ ഡേറ്റാ സമർപ്പിക്കാൻ യുജിസി നിർദ്ദേശിച്ചു.
സുതാര്യത ഉറപ്പാക്കുന്നതിനായി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മറ്റുള്ളവർക്കും ഹോം പേജിലെ ഒരു ലിങ്ക് സഹിതം ഈ വിവരങ്ങൾ അവരവരുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെന്നും യുജിസി വ്യക്തമാക്കി.
ഇമെയിലുകളിലൂടെയും ഓൺലൈൻ മീറ്റിങ്ങുകളിലൂടെയും ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ നൽകിയിട്ടും, 54 സ്വകാര്യ സർവകലാശാലകൾ ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. യുജിസിയുടെ ഏറ്റവും പുതിയ നടപടി ഉന്നത വിദ്യാഭ്യാസത്തിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്ക് അടിവരയിടുന്നതാണെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു.
അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സർവകലാശാലകൾക്കാണ് യുജിസി നോട്ടീസ് നൽകിയിട്ടുള്ളത്.
മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ സ്വകാര്യ സർവകലാശാലകൾക്ക് യുജിസി നോട്ടീസ് നൽകിയിട്ടുള്ളത്. മധ്യപ്രദേശിലെ പത്ത് പ്രൈവറ്റ് യൂണിവേഴ്സിറ്റികൾക്കാണ് മാനദണ്ഡം പാലിക്കാത്തതിന് യുജിസി നോട്ടീസ് അയച്ചത്. ഗുജറാത്തിലെ എട്ട് സ്വകാര്യസർവകലാശാലകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
സിക്കിമിലെ അഞ്ച് സ്വകാര്യസർവകലാശാലകൾക്കും ഉത്തരാഖണ്ഡ്,ഉത്തർപ്രദേശ്,ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നാല് വീതം പ്രൈവറ്റ് യൂണിവേഴ്സിറ്റികൾക്കും ബീഹാർ,ഛത്തീസ്ഗഢ്,മണിപ്പൂർ എന്നിവിടങ്ങളിൽ മൂന്ന് വീതവും മഹാരാഷ്ട്രയിൽ രണ്ടും ബംഗാൾ,ത്രിപുര,പഞ്ചാബ്, രാജസ്ഥാൻ,കർണാടക,ഹരിയാന,ഗോവ,അസം എന്നിവിടങ്ങളിൽ ഓരോ സ്വകാര്യ സർവകലാശാലകൾക്കുമാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates