'അമ്മ'യുടേത് മനുഷ്യത്വഹീന നിലപാട് ; മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്ന് രമ്യ നമ്പീശൻ

ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്
'അമ്മ'യുടേത് മനുഷ്യത്വഹീന നിലപാട് ; മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്ന് രമ്യ നമ്പീശൻ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ 'അമ്മ 'സംഘടനയിലേക്ക് തിരിച്ചെടുത്തതിൽ കടുത്ത പ്രതിഷേധവുമായി രമ്യ നമ്പീശൻ. അമ്മയിൽ നിന്നും രാജിവെക്കുന്നതായി വ്യക്തമാക്കിക്കൊണ്ടുള്ള രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് സംഘടനയുടെ വഞ്ചനാപരമായ നിലപാടിനെതിരെ രമ്യ ആഞ്ഞടിച്ചത്. 

ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു . നീതി പുലരട്ടെയെന്ന് രമ്യ നമ്പീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു എന്ന തലക്കെട്ടിലാണ് ആക്രമിക്കപ്പെട്ട നടിയോട് അനുഭാവം പ്രകടിപ്പിച്ച് മറ്റ് മൂന്നു നടിമാരും രാജി വെച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. 1995 മുതൽ മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ.
ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകാരങ്ങൾ നേടി തരുന്ന മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. പക്ഷേ,സ്ത്രീ സൗഹാർദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങൾ ഓർമ്മിപ്പിക്കുന്നു. 

അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറൽ ബോഡിയിൽ അജണ്ടയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്.  അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങൾ അവളുടെ പോരാട്ടത്തിന് കൂടുതൽ ശക്തമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു.

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ 'അമ്മ' യിൽ നിന്ന് ഞങ്ങളിൽ ചിലർ രാജി വെക്കുന്നു.

1995 മുതൽ മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ.
ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകാരങ്ങൾ നേടി തരുന്ന മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു

പക്ഷേ,സ്ത്രീ സൗഹാർദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങൾ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല വിമൻ ഇൻ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാൻസ് അസോസിയേഷനുകളുടെ മസിൽ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.

അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറൽ ബോഡിയിൽ അജണ്ടയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. ഞങ്ങൾക്ക് ഈ മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോൾ, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങൾ ഓർത്തില്ല!
അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങൾ അവളുടെ പോരാട്ടത്തിന് കൂടുതൽ ശക്തമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ''അമ്മ'യിൽ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളിൽ കുറച്ചു പേർ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു .
...........................
രമ്യാ നമ്പീശന്റെ വ്യക്തിപരമായ കുറിപ്പ് :

''അമ്മ' യിൽ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു . നീതി പുലരട്ടെ .
രമ്യാ നമ്പീശൻ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com