സവർക്കറെ തടവിൽ പാർപ്പിച്ചിരുന്ന ആൻഡമാൻ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. പുതിയ ചിത്രം തേജസിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് താരം ആൻഡമാനിൽ എത്തിയത്. സവർക്കറെ തടവിലിട്ടിരുന്ന സെല്ലിൽ എത്തിയ താരം അവിടെവച്ചിരുന്ന അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് മുന്നിലിരുന്ന ധ്യാനിക്കുകയും ചെയ്തു. കാലാപാനിയിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
'ബുക്കിലുള്ളതല്ല ഇതാണ് സത്യം'
ഞാൻ ആന്റമാനിൽ എത്തി വീർ സവർക്കറെ പാർപ്പിച്ചിരുന്ന പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയില്‍, കാലാപാനിയിലെ സെല്ലിൽ സന്ദർശനം നടത്തി. അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മനുഷ്യത്വം സവർക്കർ ജിയുടെ രൂപത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി, എല്ലാ ക്രൂരതകളെയും കണ്ണിൽ നോക്കിത്തന്നെ നിശ്ചയദാർഢ്യത്തോടെ നേരിട്ടു...അവർ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും. അതുമാത്രമല്ല അക്കാലത്ത് അവർ അദ്ദേഹത്തെ കാലാപാനിയിൽ അടച്ചു, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക എന്നത് അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ചു, കൂറ്റൻ മതിലുകൾ ഉള്ള ഒരു ജയിൽ പണിതു, ഒരു ചെറിയ സെല്ലിൽ അടച്ചു. അല്ലാത്തപക്ഷം കടലിന് കുറുകെ അദ്ദേഹം പറന്നുപോകും എന്നതുപോലെ. ഭീരുക്കള്‍!.. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം.അല്ലാതെ ടെക്സ്റ്റ് ബുക്കിൽ പഠിപ്പിക്കുന്നതല്ല. സെല്ലിൽ ഞാൻ ധ്യാനമിരിക്കുകയും അദ്ദേഹത്തിന് ആദരം അർപ്പിക്കുകയും ചെയ്തു. - കങ്കണ റണാവത്ത് കുറിച്ചു.
രാമക്ഷേത്രത്തെക്കുറിച്ച് സിനിമ
കഴിഞ്ഞ ദിവസമാണ് താരം മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം വാങ്ങിയത്. രാമക്ഷേത്രത്തെക്കുറിച്ച് സിനിമയെടുക്കാനുള്ള തയാറെടുപ്പിലാണ് കങ്കണ ഇപ്പോൾ. അയാധ്യ എന്നാണ് ചിത്രത്തിന് പേര് നൽകുന്നതെന്നും താരം അറിയിച്ചിരുന്നു. ശര്‍വേഷ് മെവാന സംവിധാനം ചെയ്യുന്ന തേജസാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം. ഇതിൽ വ്യോമസേനാ പൈലറ്റിന്‍റെ വേഷത്തിലാണ് കങ്കണ എത്തുന്നത്. തലൈവിയാണ് കങ്കണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തേജസിന് പുറമേ ധാക്കഡ്, മണികർണിക 2, സീത എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ