അന്തരിച്ച നടൻ കൈനകരി തങ്കരാജിന് ആദരമർപ്പിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും തങ്കരാജിന് പ്രധാന വേഷമുണ്ടായിരുന്നു എന്നാണ് മുരളി കുറിച്ചത്.
"ലൂസിഫറി"ന്റെ രണ്ടാം ഭാഗത്തിലും മനസ്സിൽ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മൾ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികൾ.- മുരളി ഗോപി കുറിച്ചു. ലൂസിഫറിൽ നെടുമ്പള്ളി കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് കൈനകരി തങ്കരാജ് അവതരിപ്പിച്ചത്. മോഹൻലാൽ ജയിലിലാവുന്ന രംഗത്തിലാണ് തങ്കരാജിന്റെ കഥാപാത്രം എത്തുന്നത്. അദ്ദേഹം പാടി അഭിനയിച്ച വരിക വരിക സഹജരെ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.
കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സിനിമ നാടക നടൻ കൈനകരി തങ്കരാജ് ഇന്നലെയാണ് മരിച്ചത്. പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻകുട്ടി ഭാഗവതരുടെ മകനാണ്. കെഎസ്ആർടിസിയിലെയും കയർബോർഡിലെയും ജോലി ഉപേക്ഷിച്ചാണ് തങ്കരാജ് അഭിനയത്തിലേക്ക് കടന്നത്. നാടകരംഗത്തു നിന്നും വിലക്ക് ഏർപ്പെടുത്തിയപ്പോൾ സിനിമയിലെത്തി. പ്രേം നസീർ നായകനായ ആനപ്പാച്ചൻ ആയിരുന്നു ആദ്യ സിനിമ. പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു കഥാപാത്രം. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യൻ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അണ്ണൻ തമ്പി, ആമേൻ, ലൂസിഫർ, ഇഷ്ക്, ഹോം തുടങ്ങിയ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates