'ഇനിയും കഥ തുടരും', മലയാളത്തിന്റെ കഥപറച്ചിലുകാരന് വിട 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 02:16 PM  |  

Last Updated: 23rd April 2022 02:16 PM  |   A+A-   |  

john paul passed away

ചിത്രം: ഫേയ്സ്ബുക്ക്

 

റഞ്ഞു തീര്‍ക്കാന്‍ ഇനിയും കഥകള്‍ ബാക്കിയായിരുന്നു. ജോണ്‍ പോള്‍ വിടപറയുമ്പോള്‍ മലയാള സിനിമയ്ക്ക്  നഷ്ടമായത് മികച്ച കഥപറച്ചില്‍കാരനെയാണ്. തിരക്കഥ എഴുതിയ നൂറോളം സിനിമകള്‍ക്കൊപ്പം അദ്ദേഹം മലയാളികള്‍ക്ക് പറഞ്ഞുതന്ന സിനിമാ ചരിത്രവും ഇനി ബാക്കിയാവുകയാണ്. 

മലയാളത്തിലെ സമാന്തരവിനോദ സിനിമകളെ സമന്വയിപ്പിച്ചതില്‍ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോണ്‍ പോള്‍. 1980 കളിലും 90കളിലേയും അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. പ്രശസ്ത സംവിധായകന്‍ ഭരതനുമായി ചേര്‍ന്ന് നിരവധി ഹിറ്റ് സിനിമകള്‍ അദ്ദേഹം സമ്മാനിച്ചു. യാത്ര, ഓര്‍മയ്ക്കായി, സന്ധ്യ മയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്, കാതോട് കാതോരം, ഉത്സവപ്പിറ്റേന്ന് തുടങ്ങിയ സിനിമകളെല്ലാം ഭരതന്‍- ജോണ്‍ പോള്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്. ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയും ഭരതനുവേണ്ടിയാണ്. 

സ്‌കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും മകനായി 1950 ഒക്ടോബര്‍ 29ന് എറണാകുളത്താണ് ജോണ്‍ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടി. 1972 ല്‍ കാനറാ ബാങ്കില്‍ ജോലിക്ക കയറി. സിനിമയില്‍ സജീവമായതോടെ 1983 ല്‍ ജോലി രാജിവച്ചു. ഐഷ എലിസബത്ത് ആണ് ഭാര്യ. ജിഷ ജിബി മകളാണ്

1980ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചാമരത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറുന്നത്. 1981 ല്‍ അദ്ദേഹത്തിന്റേതായി 6 സിനിമകളാണ് റിലീസ് ചെയ്തത്. ഐ.വി.ശശി, മോഹന്‍, ജോഷി, കെ.എസ്.സേതുമാധവന്‍, പി.എന്‍. മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരന്‍, വിജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. 2019ല്‍ കമല്‍ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടല്‍ ആയിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം. 

എംടി വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു.  ചിത്രത്തിന് സംസ്ഥാന ദേശിയ അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ നേടി. ഗ്യാങ്സ്റ്റര്‍, കെയര്‍ഓഫ് സൈറാബാനു എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. മാക്ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'എംടി ഒരു അനുയാത്ര' ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ