'രണ്ടു മണിക്കൂറിൽ എനിക്ക് കണ്ണൂരിൽ പോകേണ്ട, എനിക്കൊരു കെ റെയിലും വേണ്ട'; ഷാരിസ് മുഹമ്മദ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd August 2022 05:08 PM |
Last Updated: 03rd August 2022 05:18 PM | A+A A- |

ഷാരിസ് മുഹമ്മദ് എംഎസ്എഫ് ക്യാമ്പിൽ സംസാരിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
കെ റെയിലിനെതിരെ രൂക്ഷ വിമർശനവുമായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. രണ്ടു മണിക്കൂർ കൊണ്ട് തനിക്ക് എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് പോകേണ്ട എന്നാണ് ഷാരിസ് പറഞ്ഞത്. അടുത്ത തലമുറയ്ക്ക് കൊടുക്കേണ്ടത് നല്ല വിദ്യാഭ്യാസവും വായുവും ജലവുമൊക്കെയാണെന്നും എംഎസ്എഫ് ക്യാമ്പിൽ പങ്കെടുത്തുകൊണ്ട് ഷാരിസ് കൂട്ടിച്ചേർത്തു. കെ റെയിലിനെതിരെ കവിതയെഴുതിയതിന് റഫീഖ് അഹമ്മദ് നേരിട്ട സൈബർ ആക്രമണത്തേക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
കെ റെയിലിനെക്കുറിച്ച് ഒരു കവിത എഴുതി വിമര്‍ശിച്ചതിന് റഫീക്ക് അഹമ്മദ് സാറിനെ സൈബറിടങ്ങളില്‍ അപമാനിച്ചു. ഒരു കവിത എഴുതിയാല്‍ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ആണ് നില്‍ക്കുന്നതെങ്കില്‍ അതേ നാട്ടില്‍ ഞാന്‍ ഉറക്കെ പറയുന്നു എനിക്ക് രണ്ട് മണിക്കൂറ് കൊണ്ട് എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകണ്ട. എനിക്ക് ഒരു കെ റെയിലും വേണ്ട രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ട. അടുത്ത തലമുറയ്ക്ക് കൊടുക്കേണ്ടത് നല്ല വിദ്യാഭ്യാസവും വായുവും ജലവുമൊക്കെയാണ്.- ഷാരിസ് പറഞ്ഞു.
എംഎസ്എഫ് വേദിയിൽ ക്യാമ്പിന് പോയതിന്റെ പേരിൽ അർഹതപ്പെട്ട അവാർഡ് എനിക്ക് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡെന്നും അദ്ദേഹം പറഞ്ഞു. "കഴിഞ്ഞയാഴ്ചയാണ് എംഎസ്എഫിന്റെ നജാഫ് വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വിവരം ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. നിന്റെ സിനിമ നല്ലരീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്, വേണ്ടാത്ത പണിക്ക് പോകണ്ട, പോയാൽ സംസ്ഥാന പുരസ്കാരത്തിന് പരിഗണിക്കില്ല എന്നാണവർ പറഞ്ഞത്. എംഎസ്എഫിന്റെ ക്യാമ്പിന് പോയതിന്റെ പേരിൽ അർഹതപ്പെട്ട അവാർഡ് എനിക്ക് കിട്ടുന്നില്ലെങ്കിൽ ആ നഷ്ടമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്."
ജനഗണമന സിനിമ വൻ വിജയമായതിനു പിന്നാലെ തന്റെ എസ്ഡിപിഐക്കാനും ഫ്രറ്റേണിറ്റി നേതാക്കളും അവരുടെ വേദിയിലേക്ക് തന്നെ വിളിച്ചെന്നും എന്നാൽ അത് നിഷേധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. "ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്ഡിപിഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവർ പറഞ്ഞത്. അവർക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാൻ മനസിലാക്കി. ഇങ്ങനെ ഒരു സിനിമയാണോ ഞാൻ ചെയ്തത് എന്നുപോലും തോന്നി. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്‌ലാമോഫോബിയ? ഡിജോയെ വിളിക്കാത്തതിനേക്കുറിച്ച് ചോദിച്ചപ്പോൾ അവരും പറഞ്ഞത് അവർക്കും വേണ്ടത് എന്നെയാണെന്നാണ്." - അദ്ദേഹം വ്യക്തമാക്കി.
എന്നാൽ യൂത്ത് കോൺഗ്രസിന്റെ ശിബിരത്തിൽ പങ്കെടുത്ത് സംസ്കാരിക്കണമെന്നു പറഞ്ഞ് ഷാഫി പറമ്പിൽ വിളിച്ചപ്പോൾ ഒറ്റ നിമിഷത്തിൽ സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്റെ പേരിലെ മുഹമ്മദ് കണ്ടല്ല, എന്റെ സിനിമ കണ്ടിട്ടും ഞാനെന്ന മനുഷ്യനെ കണ്ടിട്ടും വിളിച്ച സംഘടനയായിരുന്നു അതെന്നും ഷാരിസ് പറഞ്ഞു. പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ഒരുക്കിയ ജനഗണമനയുടെ തിരക്കഥാകൃത്താണ് ഷാരിസ് മുഹമ്മദ്. ചിത്രം വൻ വിജയമായി മാറിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഞാൻ ആദ്യായിട്ടാ ലോട്ടറി അടിച്ച ആളെ കാണുന്നത്; മീൻ ചേട്ടനോട് കുശലം ചോദിച്ച് നിത്യാ മേനോൻ'; വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ