പാക്കപ്പിലും വ്യത്യസ്തനായി മോഹൻലാൽ,  ഒരു സെക്കന്റിനുള്ളിൽ തീർന്ന പ്രാർത്ഥന; ഫോട്ടോ പങ്കുവച്ച് അനീഷ് ഉപാസന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 10:18 AM  |  

Last Updated: 31st July 2022 10:18 AM  |   A+A-   |  

mohanlal_barroz

ചിത്രം: ഫേയ്സ്ബുക്ക്

 

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് കഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അണിയറ പ്രവർത്തകർക്കൊപ്പമുള്ള പാക്കപ്പ് ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. ഇപ്പോൾ ബറോസ് പാക്കപ്പിനെക്കുറിച്ചുള്ള ഫോട്ടോ​ഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസനയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പാക്ക് അപ്പ് എന്ന നീട്ടി വിളിക്കു പകരും പ്രാർത്ഥിക്കുകയാണ് മോഹൻലാൽ ചെയ്തത് എന്നാണ് അനീഷ് കുറിച്ചത്. മോഹൻലാൽ പ്രാർത്ഥിക്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

ഇന്നലെ ബറോസിന്റെ ഷൂട്ടിംഗ് അവസാനിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു. Paaack  uppppp.. എന്ന്. മാത്രമല്ല അതേസമയം പലരുടെയും മൊബൈൽ ക്യാമറകളും ഓൺ ആയിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാൽ സാറിനെയാണ് ഞാൻ കണ്ടത്. മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളിൽ തീർത്തതാണ് ഈ പ്രാർത്ഥന. പക്ഷേ ലാൽ സാറിന്റെ ഭാവങ്ങൾ ഒരു സെക്കന്റിന്റെ താഴെയാണെങ്കിലും ഞാനത്‌ പകർത്തും. കാരണം ഞാൻ ലാൽ സാറിന്റെ മുഖത്ത് നിന്നും കണ്ണെടുക്കുന്ന നിമിഷങ്ങൾ വളരെ കുറവാണ്..- അനീഷ് ഉപാസന കുറിച്ചു. 

2019ൽ സിനിമ പ്രഖ്യാപിച്ചതു മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് ബറോസ്. കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പലവട്ടം നിർത്തിവയ്ക്കേണ്ടതായി വന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയില്‍ മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പില്‍ എത്തുന്നുണ്ട്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

ഈ വാർത്ത കൂടി വായിക്കൂ

പൊലീസുകാർക്കിടയിൽ അപർണ ബാലമുരളി; 'ഇനി ഉത്തരം' 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ