പ്രസവിച്ചുകിടക്കുന്ന ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ല, അംജദ് ഖാന് 400 രൂപ കടം വാങ്ങി 

മകന്‍ ഷദാബ് ജനിച്ച അതേ ദിവസമാണ് അംജദ് ഷോലെയില്‍ കരാര്‍ ഒപ്പിടുന്നത്
ഷോലെയിൽ അംജദ് ഖാൻ
ഷോലെയിൽ അംജദ് ഖാൻ

ഷോലെ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരമാണ് അംജദ് ഖാന്‍. ക്രൂരനായ ഗബ്ബര്‍ സിങ്ങായി ഗംഭീര പ്രകടനമാണ് അംജദ് ഖാന്‍ കാഴ്ചവച്ചത്. മകന്‍ ഷദാബ് ജനിച്ച അതേ ദിവസമാണ് അംജദ് ഷോലെയില്‍ കരാര്‍ ഒപ്പിടുന്നത്. അതിനാല്‍ അച്ഛന്റെ ഭാഗ്യമായാണ് ഷദാബിനെ കണക്കാക്കുന്നത്. ഇപ്പോള്‍ അച്ഛന്റെ പഴയനാളുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ കൂടിയായ ഷദാബ് ഖാന്‍. 

അമ്മയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ പോലും അച്ഛന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല എന്നാണ് ഷബാദ് പറഞ്ഞത്. ചിത്രത്തിന്റെ നിര്‍മാതാവില്‍ നിന്ന് 400 രൂപ കടം വാങ്ങിയാണ് അമ്മ ഷൈല ഖാനെ വീട്ടില്‍ എത്തിച്ചതൈന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷദാബ് വ്യക്തമാക്കി. ഞാന്‍ ജനിച്ച സമയത്ത് ആശുപത്രിയില്‍ നിന്ന് അമ്മയെ കൊണ്ടുവരാന്‍ അച്ഛന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല. അമ്മ കരയുകയായിരുന്നു. നാണക്കേടുകൊണ്ട് അച്ഛന്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. അച്ഛന്റെ അവസ്ഥ കണ്ട് ചേദന്‍ ആനന്ദ് സാബാണ് 400 രൂപ നല്‍കിയത്. അങ്ങനെയാണ് അമ്മയും ഞാനും വീട്ടില്‍ എത്തിയത്. ഷദാബ് പറഞ്ഞു. 

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമയിലൊന്നായി വിലയിരുത്തുന്ന ഷോലെ 1975 ലാണ് റിലീസ് ചെയ്തത്. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, ഹേമമാലിനി, സഞ്ജീവ് കുമാര്‍, ജയ ബച്ചന്‍ അങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. ഗബ്ബര്‍ സിങ്ങാണ് അംജദ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി കണക്കാക്കുന്നത്. 1992ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് 51ാം വയസിലാണ് അദ്ദേഹം മരിക്കുന്നത്. ഷദാബിനെകൂടാതെ അഹ്ലം ഖാന്‍, സീമബ് ഖാന്‍ എന്നിവര്‍ മക്കളാണ്.
 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com