

എന്നും ഓർത്തിരിക്കാനുള്ള ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച് വിടപറഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖിൻ്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് താരങ്ങൾ. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ ഉണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി എന്നാണ് മമ്മൂട്ടി കുറിച്ചത്. അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ് എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
"അങ്ങ് സമ്മാനിച്ച ചിരിയുടെ നിമിഷങ്ങൾ എന്നും നിലനിൽക്കും. എന്റെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാൾക്ക് വിട" എന്നാണ് നടി മഞ്ജു വാര്യർ കുറിച്ചത്. സിദ്ദിഖിന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ കഴിയാഞ്ഞതിന്റെ സങ്കടം പങ്കുവച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ കുറിപ്പ്. നല്ല ഓർമ്മകൾക്ക് നന്ദി കുറിച്ച് ഫഹദ് ഫാസിലും അളക്കാൻ കഴിയാത്ത നഷ്ടമെന്ന് വിശേഷിപ്പിച്ച് ദുൽഖർ സൽമാനും സിദ്ദിഖിനെക്കുറിച്ചെഴുതി. താരങ്ങളായ ജയറാം, സുരേഷ് ഗോപി, പൃഥ്വിരാജ്, സുരഭി ലക്ഷ്മി, ടൊവിനോ, ദിലീപ്, ശ്രിന്ദ, മീര നന്ദൻ എന്നിവരും ആദരാഞ്ജലി നേർന്നു.
മമ്മൂട്ടി
വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ....
സ്വന്തം സിദ്ദിക്കിന്
ആദരാഞ്ജലി
മോഹൻലാൽ
എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരൻ്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിൻ്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ.
മഞ്ജു വാര്യർ
അങ്ങ് ഞങ്ങൾക്ക് സമ്മാനിച്ച ചിരിയുടെ നിമിഷങ്ങൾ എന്നും നിലനിൽക്കും. എന്റെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാൾ, വിട
ഫഹദ് ഫാസിൽ
പ്രിയ സിദിഖ് ഇക്ക, നിങ്ങളെ എന്നെന്നേക്കുമായി മിസ് ചെയ്യും. എന്റെ കുടുംബത്തിന് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. മനോഹരമായ ഓർമ്മകൾക്ക് നന്ദി. ആ പുഞ്ചിരി എന്നും എന്റെ ഹൃദയത്തിലുണ്ടാകും.
ദുൽഖർ സൽമാൻ
ഏറ്റവും സൗമ്യനായ വ്യക്തി. ഏറ്റവും ദയയുള്ള മനുഷ്യൻ. ഒരു പ്രതിഭാധനനായ എഴുത്തുകാരൻ/സംവിധായകൻ. അദ്ദേഹത്തിന്റെ മൃദുലമായ സ്വഭാവത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഏറ്റവും അവിശ്വസനീയമായ നർമ്മം. നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏറ്റവും ജനപ്രിയമായ ഒരുപറ്റം സിനിമകൾ അദ്ദേഹം നമുക്ക് സമ്മാനിച്ചു. ഇത് അളക്കാനാവാത്ത നഷ്ടമാണ്.
സുരാജ് വെഞ്ഞാറമൂട്
ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സർ ന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല...
കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല...
ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നിർഭാഗ്യമായി തന്നെ കരുതുന്നു....
ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്ടാവിന്...എന്നും മലയാളികൾക്ക് ഓർത്തോർത്തു ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്...
ഹൃദയത്തിൽ നിന്നും അങ്ങേയറ്റം വേദനയോടെ വിട...
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates