

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ഏറെ പ്രതിസന്ധികൾക്കൊടുവിൽ തിയറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിലെ പുതിയ റിലീസിന് പിന്നാലെ ചിത്രത്തിന്റെ മുൻനിർമാതാവിനെതിരെ നടൻ നിവിൻ പോളി രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യില്ല എന്ന് അറിഞ്ഞിട്ടും നിർമാതാവ് തങ്ങളെ പ്രമോഷൻ പരിപാടികൾക്ക് വിട്ടും എന്നാണ് നിവിൻ പറഞ്ഞത്. സിനിമ റിലീസ് ചെയ്യാൻ ശ്രമം താൻ നടത്തിയെങ്കിലും സാമ്പത്തിക ബാധ്യത മുഴുവൻ ഏറ്റെടുക്കാനാണ് നിർമാതാവ് പറഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ ഫെയ്സ്ബുക്ക് കുറിപ്പുമായി ചിത്രത്തിന്റെ മുൻ നിർമാതാവ് സുകുമാർ തെക്കേപ്പാട്ട് എത്തിയിരിക്കുകയാണ്.
തുറമുഖം പോലൊരു സിനിമ ചെയ്യാൻ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോൾ പലർക്കും കൊടുക്കാനുള്ള പൈസ കൊടുക്കാൻ ആവാത്ത സാഹചര്യത്തിൽ ചില ചെറിയ കള്ളങ്ങൾ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കൽ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്.- എന്നാണ് സുകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
സുകുമാർ തെക്കേപ്പാട്ടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
തുറമുഖം സിനിമ നിങ്ങൾക്കറിയാവുന്നതുപോലെ ഇന്ന് നിങ്ങൾക്ക് മുൻപിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്.
എല്ലാവരും തീയറ്ററിൽ തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടൻ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് തുറമുഖം എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസ്യത്തിന്റെയും ഒറ്റപെടലിന്റെയും വേദന അങ്ങേയറ്റം ഞാൻ കഴിഞ്ഞ നാലു വർഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. പല പ്രാവശ്യം സിനിമ റിലീസിന് തയ്യാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതിൽ സ്ഥാപിത താല്പര്യക്കാരായ ചിലർ ഉണ്ടായിരുന്നു എന്നും അവർ അതിന് അപ്പോഴെല്ലാം ബോധപൂർവ്വം തടസ്സം നിന്നു എന്ന് തന്നെ പറയേണ്ടിവരും. ഞാൻ ആർജ്ജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോൾ ആരുടെയും പേരെടുത്ത് പറയുന്നില്ല. ഓരോ ഘട്ടത്തിലും ട്രൈലറിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും താഴെ തനിക്കു സിനിമ നിർമ്മിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കിൽ ഈ പണി നിർത്തി പോടാ എന്ന് പല തരാം ഭാഷകളിൽ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ. എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേൽക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസ്സിൽ കിടന്നുറങ്ങാൻ ഇടമില്ലാത്ത കാലത്തു സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാൻ പോലും പൈസയില്ലാതെ പഴയൊരു സ്‌പ്ലെണ്ടർ ബൈക്കുമായി സിനിമയുടെ എക്സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയിൽ ഞാൻ പരമാവധി ആളുകളെ സഹായിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികൾ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാൻ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോൾ പലർക്കും കൊടുക്കാനുള്ള പൈസ കൊടുക്കാൻ ആവാത്ത സാഹചര്യത്തിൽ ചില ചെറിയ കള്ളങ്ങൾ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കൽ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്. വേദനയുടെ വല്ലാത്ത തീച്ചൂളയിൽ നിന്ന് കാലും കൈയ്യും വെന്തുരുകുമ്പോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേർത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത് പറയുന്നില്ല. അവരോട് നന്ദി പറയാൻ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയിൽ തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ.
തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി
സുകുമാർ തെക്കേപ്പാട്ട്
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates