'12 വർഷം മുൻപ് പൊലീസ് സ്റ്റേഷന് മുന്നിൽ കൂട്ടിയിട്ട വാഹനങ്ങളിലേക്ക് നോക്കി നിൽക്കുന്ന ഒരു മനുഷ്യൻ'; ഷൺമുഖത്തേക്കുറിച്ച് കഥാകൃത്ത്

അതോടെ, ആ കഥയ്ക്ക് വലിപ്പം വെച്ചു. ചെറിയ തോതിലല്ല, മോഹന്‍ലാലിനോളം വലിപ്പം
K R Sunil, Thudarum
തുടരും, കെആർ സുനിൽഫെയ്സ്ബുക്ക്
Updated on
2 min read

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം തുടരും ഇന്ന് തിയറ്ററുകളിലെത്തി. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് മികച്ചാഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. മോഹൻലാലിന്റെ ​ഗംഭീര തിരിച്ചുവരവ് തന്നെയാണ് ചിത്രമെന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. കെആർ സുനിൽ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ തുടരും റിലീസിനോടനുബന്ധിച്ച് സുനിൽ പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

കൊടുങ്ങല്ലൂരിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങളിലൊന്നിലേക്ക് നോക്കി നില്‍ക്കുന്നൊരു മനുഷ്യന്റെ മുഖം ഉള്ളില്‍ തട്ടിയത് ഏതാണ്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപാണ്. പിന്നീടുള്ള യാത്രകളില്‍ അയാളൊരു കഥയായി ഉള്ളില്‍ പരിണമിച്ചു. ടാക്‌സി ഡ്രൈവറായി ജീവിതം കൊണ്ട അയാള്‍ക്കൊരു പേരും വീണു, ഷണ്‍മുഖം. ഒഴിവു നേരങ്ങളിലെയും യാത്രകളിലെയുമെല്ലാം ചിന്തകളില്‍ അയാളിലൊരു സിനിമാ സാധ്യത തെളിഞ്ഞു. അങ്ങനെയാണ് രഞ്ജിത്തേട്ടനിലേക്കെത്തിയത്.

അതോടെ, ആ കഥയ്ക്ക് വലിപ്പം വെച്ചു. ചെറിയ തോതിലല്ല, മോഹന്‍ലാലിനോളം വലിപ്പം എന്നാണ് സുനിൽ കുറിച്ചിരിക്കുന്നത്. ഒപ്പം മോഹൻലാലിനോടും നിർമാതാവ് രഞ്ജിത്തിനോടും തരുൺ മൂർത്തിയോടുമുള്ള സ്നേഹവും സുനിൽ പങ്കുവച്ചിട്ടുണ്ട്. കറുത്ത അംബാസഡര്‍ കാറില്‍ ഷണ്‍മുഖനോടൊപ്പമുള്ള തങ്ങളുടെയെല്ലാം യാത്രയാണിതെന്നും സുനിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കൊടുങ്ങല്ലൂരിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ കൂട്ടിയിട്ട വാഹനങ്ങളിലൊന്നിലേക്ക് നോക്കി നില്‍ക്കുന്നൊരു മനുഷ്യന്റെ മുഖം ഉള്ളില്‍ തട്ടിയത് ഏതാണ്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പിന്നീടുള്ള യാത്രകളില്‍ അയാളൊരു കഥയായി ഉള്ളില്‍ പരിണമിച്ചു. ടാക്‌സി ഡ്രൈവറായി ജീവിതം കൊണ്ട അയാള്‍ക്കൊരു പേരും വീണു, ഷണ്‍മുഖം! ഒഴിവു നേരങ്ങളിലെയും യാത്രകളിലെയുമെല്ലാം ചിന്തകളില്‍ അയാളിലൊരു സിനിമാ സാധ്യത തെളിഞ്ഞു. അങ്ങനെയാണ് രഞ്ജിത്തേട്ടനിലേക്കെത്തിയത്.

അതോടെ, ആ കഥയ്ക്ക് വലിപ്പം വെച്ചു. ചെറിയ തോതിലല്ല, മോഹന്‍ലാലിനോളം വലിപ്പം! ആദ്യം കഥ കേട്ടത് മൂന്ന് പേരായിരുന്നു; രഞ്ജിത്ത് രജപുത്ര, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍. തീര്‍ത്തും സാങ്കല്‍പികമായിരുന്ന, ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഷണ്‍മുഖത്തെ പക്ഷേ അവര്‍ക്ക് മൂന്ന് പേര്‍ക്കും നന്നായി അറിയാമായിരുന്നു. ജീവിതത്തിനും ലൊക്കേഷനുകള്‍ക്കുമിടയിലുള്ള യാത്രകളില്‍ പലയിടങ്ങളില്‍ വെച്ച് അവര്‍ ഷണ്‍മുഖത്തെപ്പോലൊരു ഡ്രൈവറെ പലവട്ടം കണ്ടിട്ടുണ്ടായിരുന്നു! സിനിമ സംഭവിക്കാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ടിവന്നില്ല. എന്നാല്‍, പല കാരണങ്ങളാൽ സിനിമ വൈകി.

അതിനിടയില്‍ പലരും വന്നുപോയി, ഞാനും പല സാധ്യതകളിലേക്ക് നീങ്ങി. ഒടുവില്‍, രഞ്ജിത്തേട്ടന്‍ വഴിയുള്ള തരുണിന്റെ കടന്നുവരവ് വലിയ വഴിത്തിരവായി. എഴുത്തിലെ തരുണിന്റെ ഇടപെടല്‍ തിരക്കഥയ്ക്ക് വീറ് കൂട്ടി, ആ മികച്ച സംവിധായകനിലൂടെ പുതിയ കാലത്തിന്റെ സിനിമയായി. ചിത്രീകരണത്തിനിടെ, വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്ന കഥാ സന്ദര്‍ഭങ്ങള്‍ മോഹന്‍ലാലിലൂടെയും ശോഭനയിലൂടെയുമെല്ലാം മുന്നിലവതരിക്കപ്പെട്ട ചില നേരങ്ങളില്‍ ഞാനും വികാരാധീനനായി..

ഈ യാത്രയില്‍ പല കാലങ്ങളിലായി ഒപ്പം ചേര്‍ന്ന അനേകം മനുഷ്യരുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലം കൂടിയാണ് തുടരും എന്ന സിനിമ. പ്രിയപ്പെട്ട ലാലേട്ടന്‍, രഞ്ജിത്തേട്ടന്‍, ആന്റണിച്ചേട്ടൻ, തുടക്കം മുതലേ ഒപ്പമുണ്ടായിരുന്ന ഗോഗുല്‍ ദാസ് ഇവരോടാരോടും നന്ദി പറയേണ്ടതില്ല.

സഹപ്രവര്‍ത്തകന്റെ റോളുപേക്ഷിച്ച് സഹോദരനായി കയറിവന്ന് ഉള്ളിലിടംപിടിച്ച തരുണിനോടെന്തിന് സ്‌നേഹപ്രകടനം. കറുത്ത അംബാസഡര്‍ കാറില്‍ ഷണ്‍മുഖനോടൊപ്പമുള്ള ഞങ്ങളുടെയെല്ലാം യാത്രയാണിത്. തുടരും ഇന്ന് റിലീസാവുകയാണ്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com