
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. പരിപാടിയിൽ രജനികാന്തിനേക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. രജനികാന്തിനെ വച്ച് സിനിമ ചെയ്യാൻ അവസരം കിട്ടിയിട്ടും അത് ചെയ്യാൻ കഴിയാതെ പോയതിനേക്കുറിച്ചാണ് പൃഥ്വിരാജ് പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അതെന്നും പൃഥ്വിരാജ് പറഞ്ഞു.
"രജനികാന്ത് ഒരു ഗംഭീര നടനാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ദളപതി പോലെയുള്ള സിനിമകൾ കാണുമ്പോൾ നമുക്ക് മനസിലാകും ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ ബ്രില്യൻസ് എന്താണെന്ന്. എനിക്ക് രജനി സാറുമായി ഒരു വ്യക്തിപരമായ അനുഭവമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഞാൻ കോഴിക്കോട് വച്ച് ബിപിൻ പ്രഭാകറിന്റെ കാക്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
ഞാൻ രാത്രിയിൽ ഫോൺ സൈലന്റ് മോഡിലാണ് വെക്കാറ്. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് ഫോൺ നോക്കുമ്പോൾ ഒരു ചെന്നൈ ലാൻഡ് ലൈനിൽ നിന്ന് ഒരു ഇരുപതോളം കോളുകൾ വന്നിരിക്കുന്നു. വിളിച്ചതാരാണെന്ന് എനിക്കറിയില്ല. ഞാൻ പിന്നെ അത് അത്ര കാര്യമാക്കിയില്ല. ജിമ്മിലേക്ക് പോകാൻ വേണ്ടി ഇറങ്ങി. അപ്പോൾ അതേ നമ്പറിൽ നിന്ന് വീണ്ടുമെനിക്കൊരു കോൾ വന്നു. ഞാൻ എടുത്തു, മറ്റാരോ ആണ് സംസാരിക്കുന്നത്. പൃഥ്വിരാജ് സാർ ആണോയെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, അതേ ആരാണ്.
സാർ ഒരു നിമിഷം രജനി സാറിന് സംസാരിക്കണം എന്ന് പറഞ്ഞു. അപ്പോൾ ഞാൻ വിചാരിച്ചു, രാവിലെ വിളിച്ച് ഇത് ഏതവനാടാ എന്ന്. അപ്പോൾ അവിടുന്ന്, സാർ ഒരു നിമിഷം ഹോൾഡ് ചെയ്യാൻ പറഞ്ഞു. 10 സെക്കന്റ് കഴിഞ്ഞപ്പോൾ ഫോണിൽ രജനി സാർ വന്നു. രജനി സാർ ഫോൺ എടുത്തു. ഈ വെളുപ്പാൻ കാലത്ത് രജനി സാർ വിളിക്കുന്നു എന്ന കാര്യം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അദ്ദേഹം പറഞ്ഞു എന്റെ മൊഴി എന്ന സിനിമയുടെ പ്രിവ്യൂ ഷോ കണ്ടിട്ട് ഞാനുമായി സംസാരിച്ചിട്ട് കിടന്നുറങ്ങാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്ന്.
എന്നോട് ഒരു അരമുക്കാൽ മണിക്കൂറോളം അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിന് അങ്ങനെയൊരു കോൾ ചെയ്യണ്ട യാതൊരു ആവശ്യവുമില്ല, അദ്ദേഹത്തിന് അതിൽ ഒന്നും കിട്ടാനുമില്ല. എനിക്കോർമയുണ്ട്, അദ്ദേഹം കണ്ണാ എന്നൊക്കെയാണ് വിളിക്കാറ്. ഭയങ്കരമായും ഞാൻ വിനീതനായി പോയ ഒരു ഫോൺ കോളാണ് അത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി ഞാൻ കൊണ്ടു നടക്കാൻ പോകുന്ന ഒരു കാര്യമുണ്ട്.
ലൂസിഫർ റിലീസായതിന് ശേഷം അദ്ദേഹം എന്നെ വിളിച്ചിരുന്നു. രജനി സാറിന്റെ അടുത്തൊരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരവസരം അദ്ദേഹം എനിക്ക് തന്നു. പക്ഷേ ആടുജീവിതം എന്ന സിനിമ വന്നതു കൊണ്ട് എനിക്ക് ആ കമ്മിറ്റ്മെന്റ് ഏറ്റെടുക്കാൻ സാധിച്ചില്ല. എന്റെ ജീവിതത്തിൽ ഇത്രയും നീളമുള്ളൊരു സോറി നോട്ട് ഞാൻ ടൈപ്പ് ചെയ്ത് അയച്ചിട്ടില്ല. അത് അദ്ദേഹത്തിന്റെ മകൾ ഐശ്വര്യയ്ക്ക് ആണ് ഞാൻ അയച്ചത്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവസരവും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നുമാണ്. പക്ഷേ നിർഭാഗ്യവശാൽ എന്റെ സമയം ഞാൻ മറ്റൊരു സിനിമയ്ക്കായി മാറ്റി വച്ചു. അതിനി എനിക്ക് മാറ്റാൻ കഴിയില്ല. തീർച്ചയായും ഒരു ദിവസം ദൈവം എനിക്ക് അങ്ങനെയൊരു അവസരം കൊണ്ടുവന്ന് തരട്ടെ". - പൃഥ്വിരാജ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക