കല്യാണം കഴിച്ചതോടെ സിനിമാലോകം അകറ്റി നിര്‍ത്തി, സിനിമ മാറി, ചിന്താഗതിയും മാറണം: ജെനീലിയ

ആമിര്‍ ഖാന്‍ ചിത്രത്തിലെത്തിയത് ഓഡിഷനിലൂടെ
Genelia D'Souza
Genelia D'Souzaഇന്‍സ്റ്റഗ്രാം
Updated on

ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തിന് പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ആമിര്‍ ഖാന്‍ തിരികെ വരികയാണ്. ആര്‍എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിത്താരെ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ ഖാന്റെ തിരിച്ചുവരവ്. ജൂണ്‍ 20 ന് റിലീസ് ചെയ്യുന്ന സിനിമയിലെ നായിക ജെനീലിയ ഡിസൂസയാണ് (Genelia D'Souza). ഇതാദ്യമായിട്ടാണ് ആമിര്‍ ഖാനും ജെനീലിയയും ഒരുമിച്ച് അഭിനയിക്കുന്നത്.

'സിത്താരെ സമീന്‍ പര്‍' എന്ന ചിത്രത്തിലേക്ക് താന്‍ എത്തുന്നത് ഓഡിഷനിലൂടെയാണെന്നാണ് ജെനീലിയ പറയുന്നത്. മൂന്ന് തവണയാണ് ജെനീലിയ ഈ സിനിമയ്ക്കായ് ഓഡിഷന്‍ നല്‍കിയത്. അതേസമയം വിവാഹ ശേഷം തന്നെ സിനിമാ ലോകം അകറ്റി നിര്‍ത്തുകയായിരുന്നുവെന്നാണ് ജെനീലിയ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''ഞാന്‍ 'സിത്താരെ സമീന്‍ പര്‍' ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞത് ആമിര്‍ ഖാന്റെ സിനിമ ചെയ്യാന്‍ സാധിക്കുന്നത് നിന്റെ ഭാഗ്യമാണ് എന്നാണ്. തീര്‍ച്ചയായും അതെ. എന്നില്‍ വിശ്വസിച്ചത് ആമിര്‍ സാറിന്റെ വലുപ്പം. അദ്ദേഹം എന്നെ ഓഡിഷന്‍ ചെയ്തിരുന്നു. പക്ഷെ അത് നിങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുമായിരുന്നില്ലേ? നിങ്ങള്‍ക്കും എനിക്കൊരു വേഷം ഓഫര്‍ ചെയ്യാമായിരുന്നില്ലേ'' എന്നാണ് ജെനീലിയ പറയുന്നത്.

''എന്നാല്‍ നിങ്ങള്‍ പതിവ് രീതി തുടര്‍ന്നു. വിവാഹം കഴിച്ചതോടെ എനിക്ക് ഇത്തരം കഥാപാത്രം ആവശ്യമില്ലെന്ന് നിങ്ങള്‍ കരുതി. ഫിലിം മേക്കിംഗ് രീതികള്‍ മാറി. അതുകൊണ്ട് നിങ്ങളുടെ ചിന്താഗതിയും മാറണം. കഥാപാത്രത്തിന്‌റെ അതേ പ്രായമുള്ള ആളെ കാസ്റ്റ് ചെയ്യാന്‍ ശ്രമിക്കണം. ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തേക്കാള്‍ ചെറുപ്പമായ ഒരാളാണ് അഭിനയിക്കുന്നതെങ്കില്‍ അവര്‍ക്ക് ചില ചെറിയ ചെറിയ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചെന്ന് വരില്ല. കാസ്റ്റിംഗ് കൃത്യമാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവര്‍ക്കും അവസരം ലഭിക്കുകയും ചെയ്യണം'' എന്നും ജെനീലിയ പറയുന്നുണ്ട്.

ജെനീലിയയും ആമിര്‍ ഖാനും നായികയും നായകനുമായി എത്തുന്നത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇരുവര്‍ക്കുമിടയിലെ പ്രായ വ്യത്യാസമാണ് ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. 60 വയസുണ്ട് ആമിര്‍ ഖാന്. ജെനീലിയയ്ക്കാകട്ടെ 37 വയസും. ഇരുവര്‍ക്കുമിടയില്‍ 23 വയസിന്റെ വ്യത്യാസമുണ്ടെന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറി. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പ്രതികരിച്ചിരുന്നു.

''ആ ചിന്ത എന്റെ മനസിലും വന്നിരുന്നു. പക്ഷെ സിനിമയില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നത് 40 കളുടെ തുടക്കത്തിലുള്ള കഥാപാത്രങ്ങളെയാണ്. അവരുടെ പ്രായം അതിനടുത്താണ്. എനിക്ക് 60 വയസുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് വിഎഫ്എക്‌സിന്റെ സഹായമുണ്ടല്ലോ. നേരത്തെ 18 കാരനായി അഭിനയിക്കണമെങ്കില്‍ പ്രോസ്‌തെറ്റിക്‌സിനെ ആശ്രയിക്കേണ്ടി വന്നേനെ'' എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. അതേസമയം ഇന്നത്തെ കാലത്ത് അഭിനേതാക്കള്‍ പ്രായം ഒരു തടസമായി കാണുന്നില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

എന്തായാലും 'സിത്താരെ സമീന്‍ പര്‍' കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പരാജയത്തില്‍ നിന്നും ആമിര്‍ ഖാനെ കരകയറ്റാന്‍ ചിത്രത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2007 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'താരെ സമീന്‍ പറിന്റെ' സീക്വല്‍ ആണ് 'സിത്താരെ സമീന്‍ പര്‍'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com