
2025 ന്റെ ആദ്യ പകുതി തന്റേതാക്കി മാറ്റിയിരിക്കുകയാണ് മോഹന്‍ലാല്‍ (mohanlal). തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 200 കോടി ക്ലബില്‍ കയറ്റിയാണ് മോഹന്‍ലാല്‍ ചരിത്രം കുറിക്കുന്നത്. ഇപ്പോഴിതാ കടലുകള്‍പ്പുറവും വിജയം കൊയ്യുകയാണ് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് വലിയ വേരോട്ടമില്ലാത്ത നോര്‍ത്ത് അമേരിക്കന്‍ മണ്ണിലാണ് മോഹന്‍ലാല്‍ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുന്നത്. എംപുരാന്‍, തുടരും എന്നീ സിനിമകളിലൂടെ നോര്‍ത്ത് അമേരിക്കയില്‍ നിന്നും 30 കോടിയാണ് മോഹന്‍ലാല്‍ നേടിയിരിക്കുന്നത്. മലയാള സിനിമയില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് മോഹന്‍ലാല്‍.
പാന്‍ ഇന്ത്യന്‍ വിജയം നേടിയ സിനിമകളാണ് എംപുരാനും തുടരുവും. വിവാദങ്ങള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് എംപുരാന്‍ നേടിയത്. അതേ വിജയം നോര്‍ത്ത് അമേരിക്കയിലും എംപുരാന് നേടാന്‍ സാധിച്ചിട്ടുണ്ട്. 449 തിയേറ്ററുകളില്‍ നിന്നായി 20.2 കോടി രൂപയാണ് നോര്‍ത്ത് അമേരിക്കയില്‍ നിന്നും എംപുരാന്‍ നേടിയതെന്നാണ് ടൈംസ് ഓ്ഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ യുഎസ്എയില്‍ നിന്ന് മാത്രം നേടിയതാകട്ടെ 1412461 ഡോളറും. കാനഡയില്‍ നിന്നും 1295079 ഡോളറും ചിത്രം നേടിയിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന റെക്കോര്‍ഡ് ഇനി എംപുരാന് സ്വന്തമാണ്.
എംപുരാനുണ്ടാക്കിയ ഓളം അടങ്ങും മുമ്പാണ് തുടരും വന്നത്. എംപുരാനൊരു കൊടുങ്കാറ്റായിട്ടാണ് വന്നതെങ്കില്‍ ഇളങ്കാറ്റില്‍ നിന്നും കൊടുങ്കാറ്റിലേക്ക് പോകുന്നത് പോലെയായിരുന്നു തുടരും നേടിയ വിജയം. കേരളത്തില്‍ ലഭിച്ച സ്വീകാര്യത ചിത്രത്തിന് നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിലും ശ്രദ്ധ നേടാന്‍ ഇടയാക്കി. ഹിന്ദിയില്‍ നിന്നടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ കൂടെ റിലീസ് ചെയ്തിട്ടും തുടരും നോര്‍ത്ത് അമേരിക്കയില്‍ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. 11.94 കോടിയാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ്എയില്‍ നിന്നും 883000 ഡോളറും കാനഡയില്‍ നിന്നും 699079 ഡോളറുമാണ് ചിത്രം നേടിയത്.
ഇരു ചിത്രങ്ങളും ചേര്‍ന്ന് നോര്‍ത്ത് അമേരിക്കയില്‍ നിന്നും നേടിയിരിക്കുന്നത് 33.96 കോടിയാണ്. മലയാളത്തിലെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്തതാണ് മോഹന്‍ലാലിന്റെ ഈ നേട്ടം. മോഹന്‍ലാല്‍ സിനിമകളുടെ ഈ വിജയം വരാനിരിക്കുന്ന മലയാളം സിനിമകള്‍ക്കും നോര്‍ത്ത് അമേരിക്കയില്‍ മാര്‍ക്കറ്റ് നേടികൊടുക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ