അഡ്വാനിക്കെതിരെ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കും; അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി 

അഡ്വാനിക്കെതിരെ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കും; അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി 

എല്‍കെ അഡ്വാനി,മുരളി മനോഹര്‍ ജോഷി,കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങി കേസിലെ 13 പ്രതികളും വിചാരണ നേരിടണം

ന്യൂഡല്‍ഹി:ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.ബിജെപി മുതിര്‍ന്ന നേതാവ്‌
അഡ്വാനിക്കെതിരെ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കും.വിചാരണ നടത്തണം എന്നുള്ള സിബിഐയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. അഡ്വാനിക്കെതിരെയുള്ള ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു നേരത്തെ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നത്.എല്‍കെ അഡ്വാനി,മുരളി മനോഹര്‍ ജോഷി,കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങി കേസിലെ 13 പ്രതികളും വിചാരണ നേരിടണം. രണ്ടുവര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.ജസ്റ്റിസുമാരായ പിനാകി
ചന്ദ്രഘോഷ്,രോഹീന്ദര്‍ നരിമാന്‍ എന്നിവരാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കേസിലെ പ്രതികളില്‍ ഒരാളായ കല്യാണ്‍ സിങ് ഇപ്പോള്‍ രാജ്സ്ഥാന്‍ ഗവര്‍ണരാണ്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ആളായതിനാല്‍ കല്യാണ്‍ സിങിനെ വിചാരണയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ അദ്ദേഹം സ്ഥാനം ഒഴിയുമ്പോള്‍ വിചാരണ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.  

നേരത്തെ ബാബറി മസ്ജിദ് അക്രമ കേസും ഗൂഢാലോചന കേസും രണ്ടുകോടതികളിലാണ് പരിഗണിച്ചിരുന്നത്. ഇത് ലക്‌നൗ കോടതിയിലേക്ക്‌
മാറ്റണമെന്നും ഒരുമിച്ച് വാദം കേള്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റായ്ബറേലി കോടതിയിലായിരുന്നു അക്രമ കേസ് വിചാരണ നടന്നു വരുന്നത്. 

ബാബറി മസ്ജിദ് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിക്കും മറ്റു പന്ത്രണ്ടു പേര്‍ക്കും പങ്കുണ്ടെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അഡ്വാനിയെയും മറ്റുള്ളവരെയും ഗുഢാലോചന കുറ്റത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ക്കെതിരായ കേസില്‍ ലക്‌നൗ കോടതിയില്‍ വിചാരണ തുടരണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.അഡ്വാനിയെക്കൂടാതെ മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവരും ഒന്‍പതു വിഎച്ച്പി നേതാക്കളുമാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ക്കെതിരായ ഗൂഢാലോചനാ കുറ്റം നിലനില്‍ക്കുമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com