ബംഗാള്‍ പൊലീസ് സംഘം ചെന്നൈയില്‍; ജസ്റ്റിസ് കര്‍ണന്‍ എവിടെ?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2017 01:32 PM  |  

Last Updated: 10th May 2017 04:14 PM  |   A+A-   |  

JUDG_EKARNAN

ചെന്നൈ/കൊല്‍ക്കത്ത: സുപ്രിം കോടതി ഉത്തരവ് അനുസരിച്ച് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണനെ അറസ്റ്റു ചെയ്യാന്‍ ബംഗാള്‍ പൊലീസ് ചെന്നൈയില്‍ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. പശ്ചിമ ബംഗാള്‍ പൊലീസിന്റെ അഞ്ചംഗ സംഘമാണ് ചെന്നൈയില്‍ എത്തിയിട്ടുള്ളത്. ജസ്റ്റിസ് കര്‍ണന്‍ ചെന്നൈയിലെ വീട്ടില്‍ ഇല്ലെന്നും ആന്ധ്രയിലെ കളഹസ്തിയിലേക്കു പോയതായുമാണ് സൂചനകള്‍.

കോടതിയലക്ഷ്യ കേസില്‍ സുപ്രിം കോടതി ശിക്ഷിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പാണ് പൊലീസ് അകമ്പടിയോടെ ജസ്റ്റിസ് കര്‍ണന്‍ കൊല്‍ക്കത്തയില്‍ നിന്നു ചെന്നൈയ്ക്കു തിരിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് ന്യൂ ടൗണിലെ റോസ്‌ഡെയ്ല്‍ കോംപ്ലക്‌സിലെ ഫഌറ്റില്‍നിന്ന് കര്‍ണന്‍ യാത്ര തിരിച്ചത്. ആറേകാലിനുള്ള ഇന്‍ഡിഗോ ഫ്‌ളൈററില്‍ ആയിരുന്നു യാത്ര. കോടതിയലക്ഷ്യ കേസിലെ ചരിത്രത്തില്‍ ഇടം പിടിച്ച വിധി  വന്നതിനു പിന്നാലെ തന്നെ കര്‍ണനെ അറസ്റ്റു ചെയ്യാനുളള ഉത്തരവ് സുപ്രീം കോടതിയില്‍നിന്ന് പശ്ചിമ ബംഗാള്‍ ഡിജിപിക്കു ലഭിച്ചു. 11.40 ഓടെ ഡിജിപിയുടെ നിര്‍ദേശം അനുസരിച്ച് ബിദനഗര്‍ കമ്മിഷണറേറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കര്‍ണന്റെ താമസ സ്ഥലത്ത് എത്തിയെങ്കിലും അദ്ദേഹം ഇല്ലെന്നു കണ്ട് തിരിച്ചുപോരികയായിരുന്നു. 

ഇന്നലെ വിധി വന്നതിനു പിന്നാലെ ജസ്റ്റിസ് കര്‍ണന്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചെപ്പോക്ക് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ഇത്. ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ചതിനൊപ്പം അദ്ദേഹത്തിന്റെ വിധികളോ പ്രസ്താവനകളോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 
 
മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹത്തെക്കുറിച്ചുള്ള വിവരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍വേ റോഡില്‍ അദ്ദേഹത്തിന്റെ വസതി പൂട്ടിയിട്ടിരിക്കുകയാണ്. കര്‍ണന്‍ കൊല്‍ക്കത്തയിലേക്കു സ്ഥലം മാറിപ്പോയ ശേഷം ഇവിടെ പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരോ സുരക്ഷാ ജീവനക്കാരോ ഇല്ല. കര്‍ണന്‍ എവിടെയെന്നു കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് കൊല്‍ക്കത്തയില്‍നിന്നെത്തിയ പൊലീസ് സംഘം പറയുന്നത്. കര്‍ണന്‍ ആന്ധ്രയിലെ കളഹസ്തിയിലേക്കു പോയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.