പാർട്ടി കോൺ​ഗ്രസിന് ഇന്ന് സമാപനം ; ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടർന്നേക്കും

പുതിയ കേന്ദ്ര കമ്മിറ്റിയെയും പോളിറ്റ് ബ്യൂറോയെയും പാർട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കും
പാർട്ടി കോൺ​ഗ്രസിന് ഇന്ന് സമാപനം ; ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടർന്നേക്കും

ഹൈദരാബാദ്: സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. പുതിയ കേന്ദ്ര കമ്മിറ്റിയെയും പോളിറ്റ് ബ്യൂറോയെയും പാർട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുക്കും. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടർന്നേക്കും. അതേസമയം പിബിയിൽ നിന്ന് എസ് രാമചന്ദ്രൻപിള്ളയും എകെ പത്മനാഭനും ഒഴിയും. 

രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെ, പിബി അം​ഗങ്ങളുടെ കാര്യത്തിലും കാരാട്ട്, യെച്ചൂരി പക്ഷങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. തങ്ങൾക്ക് മേൽക്കൈയുള്ള നിലവിലെ പോളിറ്റ് ബ്യൂറോ തുടരണമെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിർദ്ദേശം. എന്നാൽ തന്റെ ചേരിക്ക് അനുകൂലമായ ചിലരെ കൂടി ഉൾപ്പെടുത്തണമെന്നാണ് യെച്ചൂരിയുടെ നിലപാട്. തർക്കം അവസാനിക്കാത്തതിനാൽ തീരുമാനം മാറ്റി. 

ഇന്നു രാവിലെ വീണ്ടും പിബി യോ​ഗം ചേരും. പിബി, സിസി അം​ഗങ്ങളുടെ പട്ടിക സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. തുടർന്ന് ഈ പട്ടിക പാർട്ടി കോൺ​ഗ്രസിൽ അവതരിപ്പിച്ച് അം​ഗീകാരം തേടേണ്ടതുണ്ട്. യെച്ചൂരി-കാരാട്ട് പക്ഷങ്ങൾ തമ്മിലുള്ള വടംവലിയിൽ സമവായമുണ്ടായില്ലെങ്കിൽ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും അപ്രതീക്ഷിത നീക്കം കാരാട്ട് പക്ഷം നടത്തിയേക്കും. അങ്ങനെയെങ്കിൽ  മണിക് സർക്കാരിനെയാണ് കാരാട്ട് പക്ഷം ഉയർത്തിക്കാട്ടിയേക്കുക. 

കേന്ദ്രകമ്മിറ്റിയിൽ നിന്ന് പി കെ ​ഗുരുദാസൻ, വൈക്കം വിശ്വൻ എന്നിവർ ഒഴിഞ്ഞേക്കും. പകരം എം വി ​ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, ബേബിജോൺ തുടങ്ങിയ പേരുകൾ ഉയർന്നുകേൾക്കുന്നു. കേന്ദ്രകമ്മിറ്റി, പിബി തെരഞ്ഞെടുപ്പുകൾക്ക് ശേഷം വൈകിട്ട് ഹൈദരാബാദിൽ റാലിയും പൊതുസമ്മേളനവും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com