ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി; ഉന്നയിച്ചത് നിലനില്‍ക്കാത്ത കുറ്റങ്ങളെന്ന് വെങ്കയ്യ നായിഡു

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാ്ഷ്ട്രീയ പക്ഷപാതിത്വം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി
ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി; ഉന്നയിച്ചത് നിലനില്‍ക്കാത്ത കുറ്റങ്ങളെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യുന്നതിനുള്ള നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നടപടി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാ്ഷ്ട്രീയ പക്ഷപാതിത്വം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷം നല്‍കിയ നോട്ടീസ് സംശയങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ ഉള്ളതാണെന്ന്, നോട്ടീസ് തള്ളിക്കൊണ്ട് ഉപരാഷ്ട്രതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. സുപ്രിം കോടതിയിലെ ആഭ്യന്തര കാര്യങ്ങള്‍ കോടതി തന്നെയാണ് പരിഹരിക്കേണ്ടത്. നോട്ടീസില്‍ ഉന്നയിച്ചുള്ള അഞ്ച് ആരോപണങ്ങളും നിലനില്‍ക്കുന്നതല്ല, സ്വതന്ത്ര ജുഡീഷ്യറിയുടെ അന്തസു കെടുത്തുന്നതാണ് ആരോപണങ്ങളെന്ന് നോട്ടീസ് തള്ളിക്കൊണ്ട് പത്തു പേജുള്ള കുറിപ്പില്‍ വെങ്കയ്യ നായിഡു പറഞ്ഞു. നോട്ടീസ് തള്ളുന്നതിന് പത്തു കാരണങ്ങളാണ് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയത്. ഇതിനു പുറമേ നോട്ടീസ് നല്‍കിയ ശേഷം ഇതിനെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ചത് പാര്‍ലമെന്റിന്റെ അന്തസു കെടുത്തുന്ന നടപടിയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

നോട്ടീസ് തള്ളിയ സഭാധ്യക്ഷന്റെ നടപടിക്കെതിരെ കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായും നിയമജ്ഞരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി വക്തവ് പിഎല്‍ പുനിയ പറഞ്ഞു. പ്രതീക്ഷിച്ച നടപടി തന്നെയാണ് വെങ്കയ്യ നായിഡുവില്‍നിന്നുണ്ടായതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു. ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോടതിയെ സമീപീക്കാനുള്ള  സാധ്യതയാണ് കോണ്‍ഗ്രസ് ആരായുന്നത് എന്നാണ് സൂചനകള്‍.

ഭരണഘടനാ വിദഗ്ധരുമായും നിയമജ്ഞരുമായും കൂടിയാലോചന നടത്തിയ ശേഷമാണ് നോട്ടീസ് തള്ളാന്‍ വെങ്കയ്യ നായിഡു തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ളം സംഘമാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിടാന്‍ നോട്ടീസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ഞായറാഴ്ച ഇക്കാര്യത്തില്‍ രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കൂടിയാലോചനകള്‍ക്കു തുടക്കമിട്ടിരുന്നു. പാര്‍ലമെന്ററി ചട്ടങ്ങളില്‍ വൈദഗ്ധ്യമുള്ളവരുമായും ഭരണ ഘടനാ വിദഗ്ധരുമായും അദ്ദേഹം കൂടിയാലോചനകള്‍ നടത്തി. ഇതിനു ശേഷമാണ് നോട്ടീസ് തള്ളുകയാണെന്ന് രാജ്യസഭാധ്യക്ഷന്‍ അറിയിച്ചത്.

പ്രതിപക്ഷത്തെ ഏഴു പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിരുന്നത്. 
നേരത്തെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം പ്രതിപക്ഷം നടത്തിയിരുന്നെങ്കിലും, ചെറുപാര്‍ട്ടികള്‍ പിന്മാറിയതോടെ നിലയ്ക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതിയുടെ വിധിയോടെ ഇംപീച്ച്‌മെന്റ് നീക്കത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയായിരുന്നു. 

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനായി എംപിമാരുടെഒപ്പുശേഖരണം നടത്തിയതും ഗുലാം നബി ആസാദായിരുന്നു. ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുന്ന പ്രസ്താവനയില്‍ 642 എംപിമാരാണ് ഒപ്പുവച്ചത്. 1968ലെ ജഡ്ജസ് എന്‍ക്വയറി ആക്ട് അനുസരിച്ച് ലോക്‌സഭയിലെ 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ ഒപ്പുവച്ചാല്‍ ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കാമെന്നാണ് ചട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com