അവിശ്വാസ പ്രമേയം : പ്രധാനമന്ത്രി  പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു ; എഐഎഡിഎംകെയുടെ പിന്തുണ തേടി അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 10:32 AM  |  

Last Updated: 20th July 2018 10:32 AM  |   A+A-   |  

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. മന്ത്രിമാരും ബിജെപി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന മുന്‍ നിലപാടില്‍ നിന്നും ശിവസേന മലക്കം മറിഞ്ഞത് ബിജെപി ക്യാമ്പില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ എഐഎഡിഎംകെ, ടിആര്‍എസ് കക്ഷികളുടെ പിന്തുണ ഉറപ്പിക്കാനും ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്. 

അവിശ്വാസ പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെ എഐഎഡിഎംകെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ അമിത് ഷാ വിളിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിയും, കേന്ദ്രസര്‍ക്കാറും പിന്തുണ നല്‍കിയിരുന്ന കാര്യം ഓര്‍മ്മിപ്പിച്ച അമിത് ഷാ, കേന്ദ്രത്തെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 37 അംഗങ്ങളുള്ള എഐഎഡിഎംകെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നില്ലെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു. 

അതേസമയം ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്രസമിതി എന്നീ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് സൂചന. എന്‍ഡിഎയ്ക്ക് നിലവില്‍ 314 അംഗങ്ങളാണുള്ളത്. 18 പേരുള്ള ശിവസേന വിട്ടുനിന്നാല്‍ എന്‍ഡിഎയുടെ അംഗസംഖ്യ 296 ആയി ചുരുങ്ങും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യ്തതില്‍ ഭൂരിപക്ഷം 300 ന് താഴേയ്ക്ക് പോകുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

കോണ്‍ഗ്രസ് ഉള്‍പ്പെട്ട വിശാല പ്രതിപക്ഷത്ത് 147 പേരുടെ പിന്തുണയാണുള്ളത്. ചര്‍ച്ചയില്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ നീങ്ങാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ 16 പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ ആരംഭിക്കുന്ന ചര്‍ചര്‍ച്ചയ്ക്ക് രാത്രി ഏഴുമണിയോടെ പ്രധാനമന്ത്രി മറുപടി നല്‍കും.  പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ പ്രതിപക്ഷത്തിന് തിരിച്ചടി നല്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. ലോക്‌സഭയിലെ നിലവിലെ അംഗങ്ങളുടെ എണ്ണം 535 ആണ്. ഭൂരിപക്ഷത്തിന് വേണ്ടത് 268 പേരുടെ പിന്തുണയാണ്.