ജനാധിപത്യത്തിന്റെ സുപ്രധാന ദിനമെന്ന് നരേന്ദ്രമോദി; അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 08:32 AM  |  

Last Updated: 20th July 2018 08:32 AM  |   A+A-   |  

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ സുപ്രധാന ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് മുന്‍പാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശം. ഭരണഘടനയോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധമാണ്. ക്രിയാത്മകമായ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയമാണ് ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിക്കപ്പെടുന്നത്.  രാവിലെ പതിനൊന്ന് മണിക്കാണ് ടിഡിപി നല്‍കിയ പ്രമേയം സഭ ചര്‍ച്ചയ്ക്ക് എടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പ്രസംഗിക്കും. അതിന് ശേഷമാവും വോട്ടെടുപ്പ് നടത്തുക. സഭയില്‍ ഹാജരാകാന്‍ പ്രതിപക്ഷവും ഭരണപക്ഷവും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. 

ആള്‍ക്കൂട്ടക്കൊലപാതകം, സ്ത്രീ സുരക്ഷ, കാര്‍ഷിക മേഖലയുടെ മോശം അവസ്ഥ തുടങ്ങി എട്ട് വിഷയങ്ങളിലാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. 533 അംഗങ്ങളുള്ള സഭയില്‍ 267 വോട്ടാണ് അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തുന്നതിന് ഭരണകക്ഷിക്ക് വേണ്ടത്. 273 അംഗങ്ങളുള്ള ബിജെപിക്ക് തന്നെയാണ് വിജയ സാധ്യത. ഒന്നിച്ച് നില്‍ക്കുന്നത് വഴി പരമാവധി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാണ് പ്രതിപക്ഷം ശ്രമിക്കുക.

 പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ്  ലോക്‌സഭയില്‍ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്‌. 2003 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസായിരുന്നു പ്രമേയം കൊണ്ട് വന്നത്.പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധിയായിരുന്നു അന്ന് പ്രമേയം അവതരിപ്പിച്ചത്.അവിശ്വാസപ്രമേയം പരാജയപ്പെടുകയും ചെയ്തിരുന്നു.