നരേന്ദ്രമോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് പാർലമെന്റിൽ ; ടിഡിപി പിന്തുണയ്ക്കും

വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി വൈ വി സുബ്ബറെഡ്ഢിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്
നരേന്ദ്രമോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് പാർലമെന്റിൽ ; ടിഡിപി പിന്തുണയ്ക്കും

ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിനെതിരെ വൈഎസ്ആർ കോൺ​ഗ്രസ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് പാർലമെന്റ് ഇന്ന് പരി​ഗണിച്ചേക്കും. ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഇന്ന് അവിശ്വാസപ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി വൈ വി സുബ്ബറെഡ്ഢിയാണ് ലോക്‌സഭാ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഒമ്പത് അംഗങ്ങളാണുള്ളത്. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് വൈഎസ് ആർ കോൺ​ഗ്രസിന്റെ അവിശ്വാസ പ്രമേയം. 

പാര്‍ലമെന്റില്‍ വൈഎസ്ആർ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ എൻഡിഎ സഖ്യകക്ഷിയായിരുന്ന തെലുങ്കുദേശം പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ടിഡിപി തങ്ങളുടെ മന്ത്രിമാരെ കേന്ദ്രസർക്കാരിൽ നിന്ന് നേരത്തെ പിൻവലിച്ചിരുന്നു. എൻഡിഎ മുന്നണി വിടുന്ന കാര്യവും ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു പാർട്ടി എംപിമാരെ അറിയിച്ചിട്ടുണ്ട്.  

 54 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ അവിശ്വാസ പ്രമേയ നോട്ടീസിൽ  സ്പീക്കര്‍ക്ക് ചര്‍ച്ചയ്ക്ക് അനുമതി നല്‍കേണ്ടതുള്ളു. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഒമ്പത് അംഗങ്ങളാണുള്ളത്. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടിഡിപിക്ക് 16 അംഗങ്ങളാണുള്ളത്. മറ്റ് പ്രതിപക്ഷ കക്ഷികളില്‍ എത്രപേര്‍ പ്രമേയത്തെ അനുകൂലിക്കുമെന്നത് വ്യക്തമല്ല. അവിശ്വാസപ്രമേയത്തിന് പിന്തുണ അഭ്യര്‍ഥിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജ​ഗ്മോഹൻ റെഡ്ഡി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

എന്‍ഡിഎ സഖ്യത്തില്‍ പങ്കാളിയായിരുന്ന ടിഡിപി പ്രമേയത്തെ പിന്തുണയ്ക്കുന്നത് ബിജെപിക്ക് ധാര്‍മികമായി തിരിച്ചടിയാണ്. ആന്ധ്രപ്രദേശിന് പ്രത്യേകപദവിയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ ബിജെപി തയാറാവാത്തതില്‍ ടിഡിപി രോഷാകുലരാണ്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട് സംസ്ഥാനത്തിന്റെ അന്തസിന്റെ പ്രശ്‌നമായാണ് ടിഡിപി വിലയിരുത്തുന്നത്. നേരത്തെതന്നെ എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന ബിജെപിയുമായി നിരന്തരം കൊമ്പുകോര്‍ത്ത് വരികയാണ്. 

ടിഡിപി മുന്നണി വിടുന്നത് ബിജെപിയെ രാഷ്ട്രീയമായി കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. 2019 ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്ന ആന്ധ്രപ്രദേശിലും തെലങ്കാനയിലും ബിജെപിക്ക് തിരിച്ചടിയാണ് ടിഡിപി മുന്നണി വിടുന്നത്. ടിഡിപി വിട്ടാൽ വൈഎസ്ആർ കോൺ​ഗ്രസിനെ കൂടെ നിർത്താമെന്ന മോഹങ്ങൾക്കും അവിശ്വാസ പ്രമേയ നോട്ടീസ് തിരിച്ചടിയായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com