ബിജെപി ബന്ധം ഉപേക്ഷിക്കുന്ന കാര്യത്തിൽ ടിഡിപി തീരുമാനം ഇന്ന് ; പിബി യോ​ഗം അമരാവതിയിൽ

ആന്ധ്രാപ്രദേശിന് പ്രത്യേക പദവിക്കായി സമ്മര്‍ദം ചെലുത്താന്‍ ഉചിതമായ തീരുമാനം മുന്നണി വിടുക എന്നത് മാത്രമാണെന്നാണ് ടി.ഡി.പി കരുതുന്നത്
ബിജെപി ബന്ധം ഉപേക്ഷിക്കുന്ന കാര്യത്തിൽ ടിഡിപി തീരുമാനം ഇന്ന് ; പിബി യോ​ഗം അമരാവതിയിൽ

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വിഷയത്തില്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന തെലുങ്കുദേശം പാർട്ടി ഇന്ന് എൻഡിഎ മുന്നണി വിട്ടേക്കും. ഭാവി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാവിലെ അമരാവതിയില്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ യോഗം വിളിച്ചിട്ടുണ്ട്. പ്രത്യേക പദവിക്കായി കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ ഉചിതമായ തീരുമാനം മുന്നണി വിടുക എന്നത് മാത്രമാണെന്നാണ് ടി.ഡി.പി കരുതുന്നത്. 

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയെ തുടർന്നാണ് ടി.ഡി.പി-എന്‍.ഡി.എ ബന്ധം കൂടുതല്‍ വഷളായത്. കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ടിഡിപി പാർട്ടി മന്ത്രിമാരെ കഴിഞ്ഞ ദിവസം സർക്കാരിൽ നിന്നും പിൻവലിച്ചിരുന്നു. പാർട്ടി തീരുമാനം അനുസരിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന അശോക് ​ഗജപതിരാജുവും കേന്ദ്രസഹമന്ത്രി വൈഎസ് ചൗധരിയും പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകുകയും ചെയ്തിരുന്നു. 

ആന്ധ്രയ്ക്കായി പ്രത്യേക പദവി ആവശ്യപ്പെട്ട് പ്രതിപക്ഷമായ വൈഎസ്ആർ കോൺ​ഗ്രസ് ശക്തമായി രം​ഗത്തുള്ളതും ടിഡിപിയെ മുന്നണി ബന്ധം ഉപേക്ഷിക്കുകയെന്ന കടുത്ത തീരുമാനത്തിന് നിർബന്ധിതരാക്കുന്നു. മുന്നണി വിടുന്നതിന് മുന്നോടിയായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിൽ നടപ്പാക്കിയ തരത്തിലുള്ള തരംതാണ രാഷ്ട്രീയം ആന്ധ്രയിലും പയറ്റാൻ നരേന്ദ്രമോദി ശ്രമിക്കുകയാണെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com