ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രധാനമന്ത്രിയെയും സിബിഎസ്ഇ ചെയര്‍പേഴ്‌സണെയും  നേരത്തെ അറിയിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍ ; ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി 

മാര്‍ച്ച് 17നു അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്ന് ജാന്‍വി ബെഹല്‍ എന്ന വിദ്യാര്‍ഥിനി അറിയിച്ചു
ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രധാനമന്ത്രിയെയും സിബിഎസ്ഇ ചെയര്‍പേഴ്‌സണെയും  നേരത്തെ അറിയിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍ ; ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി 

ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യചോര്‍ച്ച, പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് തന്നെ പ്രധാനമന്ത്രിയെ കത്തെഴുതി അറിയിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി ഹരിയാനയിലെ വിദ്യാര്‍ഥിനി രംഗത്തെത്തി. മാര്‍ച്ച് 17നു സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്ന് ലുധിയാനയിലെ ജാന്‍വി ബെഹല്‍ എന്ന വിദ്യാര്‍ഥിനി അറിയിച്ചു. എന്നാല്‍ നടപടി ഒന്നു ഉണ്ടായില്ലെന്ന് ജാന്‍വി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ജാന്‍വിയും സഹപാഠികളും ഒരു അധ്യാപകനും ചേര്‍ന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിവരം ലഭിച്ചതിനുപിന്നാലെ പൊലീസിനെയും അറിയിച്ചു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും ജാന്‍വി വ്യക്തമാക്കി. പത്താം ക്ലാസിലെ കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നത് സിബിഎസ്ഇ ചെയര്‍പേഴ്‌സണ്‍ അനിത കര്‍വാലിനെ മാര്‍ച്ച് 28 ന് പുലര്‍ച്ചെ 1.39 ന് അറിയിച്ചിരുന്നതായാണ് ഡല്‍ഹിയിലെ മറ്റൊരു വിദ്യാര്‍ത്ഥി പറയുന്നത്. 

വിദ്യാര്‍ത്ഥി പിതാവിന്റെ ഇ മെയിലില്‍ നിന്നും അനിത കര്‍വാലിന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്കാണ്, മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചത്. ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും, അത് വാട്‌സ് ആപ്പിലൂടെ പ്രചരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഎസ്ഇ ആ ഇമെയില്‍ പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തത്. പൊലീസാകട്ടെ വൈകീട്ട് എട്ടുമണിക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വിദ്യാര്‍ത്ഥിയും രക്ഷിതാവും ചൂണ്ടിക്കാട്ടുന്നു. 

കത്ത് ലഭിച്ചതായി സിബിഎസ്ഇ ചെയര്‍പേഴ്‌സണ്‍ അനിത കര്‍വാല്‍ സമ്മതിച്ചു. ഇ മെയിലിനൊപ്പം ഒരു ചോദ്യപേപ്പറും അറ്റാച്ച് ചെയ്തിരുന്നു. ഇത് യഥാര്‍ത്ഥ ചോദ്യപേപ്പറാണോ എന്ന് പരിശോധിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി അനിത കര്‍വാല്‍ വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള കത്ത് ശ്രദ്ധയില്‍പ്പെട്ടത് രാവിലെ 8.55 ന് ആയിരുന്നു. നിയമപ്രകാരം 9.30 ന് മുമ്പ് ചോദ്യപേപ്പര്‍ പൊട്ടിക്കാന്‍ പാടില്ല. അതിനാല്‍ പേപ്പര്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. പരീക്ഷ റദ്ദാക്കാന്‍ ആ അവസാന സമയത്ത് സാധ്യമല്ലായിരുന്നെന്നും കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിലെ സ്‌കൂള്‍ എജ്യുക്കേഷന്‍ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. 

അതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി രോഹന്‍ മാത്യുവാണ് ഹര്‍ജി നല്‍കിയത്. തങ്ങളുടെ ചോദ്യപേപ്പര്‍ മൂല്യനിര്‍ണയം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com