ആരോപണങ്ങള്‍ക്ക് മറുപടിയുമായി അലോക് വര്‍മ്മ ; പുറത്താക്കിയത് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി പ്രകാരം

തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി ആധാരമാക്കിയാണ്, തനിക്കെതിരെ നടപടി എടുത്തതെന്ന് അലോക് വര്‍മ്മ
ആരോപണങ്ങള്‍ക്ക് മറുപടിയുമായി അലോക് വര്‍മ്മ ; പുറത്താക്കിയത് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി പ്രകാരം


ന്യൂഡല്‍ഹി : തന്നെ മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ബാലിശമാണെന്ന് അലോക് വര്‍മ്മ പ്രതികരിച്ചു. തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതി ആധാരമാക്കിയാണ്, തനിക്കെതിരെ നടപടി എടുത്തതെന്ന് അലോക് വര്‍മ്മ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ മാറ്റിയത് ദുഃഖകരമാണ്. ആരോപണത്തില്‍ തന്റെ ഭാഗം സമിതി കേട്ടില്ലെന്നും അലോക് വര്‍മ്മ കുറ്റപ്പെടുത്തി. 

തനിക്കെതിരെയുള്ള പരാതിയില്‍ ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല. കോടതിയിലും തനിക്കെതിരെ തെളിവുകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. തനിക്കെതിരെ ശത്രുതയുള്ള ഉദ്യോഗസ്ഥനാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അലോക് വര്‍മ്മ പറഞ്ഞു. സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പേര് പറയാതെയാണ് അലോക് വര്‍മ്മ ആരോപണം ഉന്നയിച്ചത്. തന്നെ പുറത്താക്കിയ നടപടി, സിബിഐയില്‍ പുറമെ നിന്നുള്ള സ്വാധിനം ഉണ്ടെന്നുള്ളതിന് തെളിവാണ്. സിബിഐയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അലോക് വര്‍മ്മ വ്യക്തമാക്കി. 

തുടര്‍നടപടികള്‍ എന്താണെന്ന് അലോക് വര്‍മ്മ വ്യക്തമാക്കിയിട്ടില്ല. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായാണ് അലോക് വര്‍മ്മയെ, ഉന്നത സെലക്ഷന്‍ സമിതി മാറ്റിയത്. എന്നാല്‍ ഈ ചുമതല ഏറ്റെടുക്കുമോ, സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവു ഇന്നലെ അര്‍ധരാത്രി തന്നെ ചുമതലയേറ്റു.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒക്ടോബര്‍ 23 ന് അര്‍ധരാത്രിയാണ് അലോക് വര്‍മ്മയെ പുറത്താക്കിയത്. സിബിഐ സ്‌പെഷല്‍ ഡയറക്ടറും ബിജെപിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനക്കെതിരെ നീങ്ങിയതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയും, പരസ്പരം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ചേരിപ്പോര് മൂര്‍ധന്യത്തിലെത്തിയതോടെ ഇരുവരോടും നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

എന്നാല്‍ തന്നെ മാറ്റിയ നടപടിക്കെതിരെ അലോക് വര്‍മ്മ സുപ്രിംകോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രിംകോടതി അലോക് വര്‍മ്മയുടെ സ്ഥലംമാറ്റം റദ്ദാക്കി, വീണ്ടും സിബിഐ ഡയറക്ടറായി നിയമിക്കുകയായിരുന്നു. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് അലോക് വര്‍മ്മ തുടരണോ എന്ന കാര്യത്തില്‍ ഉന്നത സെലക്ഷന്‍ സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകീട്ട് ചേര്‍ന്ന ഉന്നത സെലക്ഷന്‍ സമിതിയാണ് അലോക് വര്‍മ്മയെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ കെ സിക്രിയും അലോകിന്റെ സ്ഥലംമാറ്റത്തെ അനുകൂലിച്ചു. ഓന്നാല്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. ഖാര്‍ഗെയുടെ എതിര്‍പ്പ് തള്ളി, ഭൂരിപക്ഷ തീരുമാനപ്രകാരം സ്ഥലംമാറ്റം നടപ്പാക്കുകയായിരുന്നു. റാഫേല്‍ ഇടപാടില്‍ നിഷ്പക്ഷമായ അന്വേഷണമുണ്ടാകുമെന്ന ഭയമാണ് അലോക് വര്‍മ്മയ്‌ക്കെതിരെ തിരിയാന്‍ മോദിയെ പ്രേരിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com