ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഒമൈക്രോണ്‍: ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ, കൂടുതല്‍ നിയന്ത്രണ നടപടി

വിവാഹങ്ങള്‍ക്ക് ഇരുന്നൂറു പേരില്‍ കൂടരുതെന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ കരുതല്‍ നടപടികള്‍

ലക്‌നൗ: ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 25 മുതലാണ് കര്‍ഫ്യൂ. പതിനൊന്നു മണി മുതല്‍ അഞ്ചു മണി വരെയാണ് നിയന്ത്രണം. വിവാഹങ്ങള്‍ക്ക് ഇരുന്നൂറു പേരില്‍ കൂടരുതെന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. 

ഒമൈക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കരുതല്‍ നടപടികളിലേക്കു കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. മധ്യമപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയില്‍ 23 പേര്‍ക്കു കൂടി ഒമൈക്രോണ്‍

മഹാരാഷ്ട്രയില്‍ 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 88 ആയി ഉയര്‍ന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകളും മഹാരാഷ്ട്രയിലാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ പൂനെ ജില്ലയില്‍ നിന്നുള്ളവരാണ്. മൂന്നുപേര്‍ വീതം പൂനെ സിറ്റി, പൂനെ റൂറല്‍ എന്നിവിടങ്ങളിലും ഏഴുപേര്‍ പിംപ്രിചിന്ദ് വാഡ് മേഖലയിലുമുള്ളവരാണ്.

അഞ്ചുപേര്‍ മുംബൈയിലും രണ്ടുപേര്‍ ഒസ്മാനാബാദിലും താനെ, നാഗ്പൂര്‍, മിരാ ബയന്തര്‍ മേഖലയിലെ ഓരോരുത്തരും പുതിയ വകഭേദം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിദേയാത്ര ചെയ്തവരും ഏഴുപേര്‍ സമ്പര്‍ക്കം വഴിയും രോഗബാധിതരായവരാണെന്ന് സംസ്ഥാന സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. പ്രദീപ് അവാതെ പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

ഒമൈക്രോണ്‍ പടരുന്നത് കണക്കിലെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ലളിതമായ ആഘോഷങ്ങള്‍ മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും, ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

ആരാധനാലയങ്ങള്‍ക്ക് അകത്തും പുറത്തും ആള്‍ക്കൂട്ടം പാടില്ല. കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. പള്ളികളിലെ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്ക് 50 പേരില്‍ കൂടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com