സിപിഎമ്മിന് വേണ്ടി ഡിഎംകെ ഒത്തു കളിക്കുന്നു; മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ബിജെപി പ്രക്ഷോഭത്തിലേക്ക്

പ്രതിഷേധം ശക്തമാക്കുന്നിതന്റെ ഭാഗമായി കാര്‍ഷികമേഖലകളിലൂടെ പദയാത്ര നടത്തുമെന്നും ബിജെപി പ്രസിഡന്റ് അണ്ണാമലൈ അറിയിച്ചു
കെ അണ്ണാമലൈ, മുല്ലപ്പെരിയാർ/ ഫയൽ ചിത്രം
കെ അണ്ണാമലൈ, മുല്ലപ്പെരിയാർ/ ഫയൽ ചിത്രം

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് പിന്നാലെ ബിജെപിയും പ്രക്ഷോഭത്തിലേക്ക്. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ വ്യക്തമാക്കി. തേനിയില്‍ അടക്കം പ്രതിഷേധം ശക്തമാക്കി സമരത്തിന് തുടക്കമിടുമെന്നും, തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കാര്‍ഷിക മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിഷേധ റാലി സംഘടിപ്പിക്കാനുമാണ് ബിജെപിയുടെ തീരുമാനം. 

പ്രതിഷേധം ശക്തമാക്കുന്നിതന്റെ ഭാഗമായി കാര്‍ഷികമേഖലകളിലൂടെ പദയാത്ര നടത്തുമെന്നും ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ അറിയിച്ചു. ഡിഎംകെ സര്‍ക്കാര്‍ കേരളവുമായി ഒത്തുകളിക്കുകയാണ്. സഖ്യകക്ഷിയായ സിപിഎമ്മിനെ പ്രീണിപ്പിക്കുന്നതിനാണ് ഡിഎംകെ സംസ്ഥാന താല്‍പ്പര്യം കണക്കിലെടുത്ത് ഒത്തുകളിക്കുന്നതെന്നും അണ്ണാമലെ ആരോപിച്ചു.

അവകാശം വിട്ടുകൊടുക്കരുതെന്ന് എഐഎഡിഎംകെ

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് നേടിയ അവകാശം വിട്ടുകൊടുക്കരുതെന്ന് എഐഎഡിഎംകെ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഒ പനീല്‍ശെല്‍വം ആവശ്യപ്പെട്ടു. തേനിയിലെ കമ്പത്ത് എഐഎഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പനീര്‍ശെല്‍വം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തി സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ അഞ്ചു ജില്ലകളില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുകയാണ്. 

കേരളം സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടത്. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ട് ആണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേരളത്തോട് നിര്‍ദേശിച്ചിരുന്നു. അണക്കെട്ടിലെ നിലവിലെ റൂള്‍ കര്‍വ് അംഗീകരിക്കാന്‍ കഴിയില്ല.  തമിഴ്‌നാട് നിര്‍ദേശിച്ചതും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അംഗീകരിച്ചതുമായ റൂള്‍ കര്‍വാണ് നിലവിലുള്ളത്. ഇതു പ്രകാരം നവംബര്‍ 30 ന് പരമാവധി ജലനിരപ്പായ 142 അടിയിലേക്ക് ഉയര്‍ത്തണമെന്ന് റൂള്‍ കര്‍വ് പറയുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും കേരളം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com