ബിഎസ്എഫിന്റെ അധികാര പരിധി കൂട്ടി കേന്ദ്രസര്‍ക്കാര്‍ ; എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി  ആരോപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി : അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍.പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ അസം, ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയത്. മൂന്നു സംസ്ഥാനങ്ങളില്‍ രാജ്യാന്തര അതിര്‍ത്തിയില്‍നിന്നും 50 കിലോമീറ്റര്‍ അകത്തേക്ക് പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനുമാണ് അധികാരം നല്‍കിയത്. 

മുമ്പ് രാജ്യാന്തര അതിര്‍ത്തിയില്‍നിന്നും 15 കിലോമീറ്റര്‍ വരെയായിരുന്നു ബിഎസ്എഫിന് പരിശോധന നടത്താന്‍ അധികാരമുണ്ടായിരുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. നാഗാലാന്‍ഡ്, ത്രിപുര, മണിപ്പുര്‍, ലഡാക്ക് എന്നിവിടങ്ങളിലും ബിഎസ്എഫിന് കൂടുതല്‍ അധികാരം ലഭിക്കും. 

ഗുജറാത്തില്‍ 80 കിലോമീറ്റര്‍ ആയിരുന്നത് 50 കിലോമീറ്റര്‍ ആയി ചുരുക്കി. അതേസമയം മേഘാലയ, നാഗാലാന്‍ഡ്, മിസോറം, ത്രിപുര, മണിപ്പുര്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ദൂരപരിധി നിശ്ചയിച്ചിട്ടില്ല. പുതിയ വിജ്ഞാപനത്തോടെ ബിഎസ്എഫിന് ലോക്കല്‍ പൊലീസിന്റെ അറിവോ സഹായമോ ഇല്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും കഴിയും.  

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പഞ്ചാബും പശ്ചിമബംഗാളും എതിര്‍പ്പുമായി രംഗത്തെത്തി.  ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി ആരോപിച്ചു. തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം കേന്ദ്രആഭ്യന്ത്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുകയാണെന്ന് ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഫിര്‍ഹാദ് ഹക്കീം ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com