സമരം നടത്താം; ഗതാഗതം തടയാനാകില്ല; കര്‍ഷക സമരത്തില്‍ വീണ്ടും വിമര്‍ശനവുമായി സുപ്രീംകോടതി

കര്‍ഷക സമരത്തിനിടെ ഗതാഗതം തടസ്സപ്പെടുന്നതിന് എതിരെ വീണ്ടും സുപ്രീംകോടതി
കര്‍ഷക പ്രക്ഷോഭം / ഫയല്‍ ചിത്രം
കര്‍ഷക പ്രക്ഷോഭം / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ ഗതാഗതം തടസ്സപ്പെടുന്നതിന് എതിരെ വീണ്ടും സുപ്രീംകോടതി. സമരം നടത്താന്‍ അവകാശമുണ്ടെന്നും എന്നാല്‍ അനന്തമായി ഗതാഗതം തടയുന്നത് അനുവദിക്കാനാകില്ലെന്നും  കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ് കെ കൗള്‍, സി ടി രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് റോഡ് തടയാന്‍ അനുവദിക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയത്.

ഗതാഗതം പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അവര്‍ക്ക് കഴിയില്ലെങ്കില്‍ ജന്തര്‍മന്തറിലേക്കോ രാംലീലാ മൈതാനത്തേക്കോ സമരം മാറ്റാന്‍ അനുവദിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച കോടതിയില്‍ അഭ്യര്‍ഥിച്ചു. 

സമരം നടത്തുന്നവരെ റോഡില്‍നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി അഭിപ്രായ പ്രകടനം നടത്തിയത്. 
നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി കര്‍ഷക നേതാക്കളോട് ആവശ്യപ്പെട്ടു.ഡിസംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. 

നേരത്തെയും വിമര്‍ശനം

കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചിട്ടും എന്തിനാണ് സമരം തുടരുന്നതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നിട്ടും കര്‍ഷകര്‍ തെരുവില്‍ സമരം തുടരുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ജന്തര്‍ മന്ദറില്‍ സമരം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ മഹാപഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ ചോദിച്ചത്.

നിങ്ങള്‍ നിയമങ്ങളെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുന്നു. അതേസമയം പ്രതിഷേധവും നടത്തുന്നു. ഒരേ സമയം രണ്ടും നടത്തുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ഒന്നുകില്‍ കോടതിയേയോ പാര്‍ലമെന്റിനേയോ സമീപിക്കുക അല്ലെങ്കില്‍ തെരുവിലിറങ്ങുക എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com