രണ്ടു കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയെ കൊന്നു, വാഹനാപകടമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; ചുരുളഴിച്ച് പൊലീസ്  

രാജസ്ഥാനില്‍ കോടികളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ കോടികളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തമുള്ള ആളുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ബൈക്കില്‍ പോകുമ്പോള്‍ എസ് യുവി ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. ഇത് വാഹനാപകടമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണ് എന്ന് പൊലീസ് കണ്ടെത്തിയത്.

ഒക്ടോബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ഷാലുവും ബന്ധു രാജുവും ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോയി. പോകുന്നവഴിയാണ് വാഹനാപകടത്തില്‍ ഷാലു കൊല്ലപ്പെടുന്നത്. ഷാലു തത്ക്ഷണം തന്നെ മരിച്ചതായി പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ബന്ധുവിന് ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

തുടക്കത്തില്‍ ഇത് റോഡപകടമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുടുംബാംഗങ്ങള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചതെന്ന് പൊലീസ് പറയുന്നു. ഷാലുവിന്റെ ഭര്‍ത്താവ് മഹേഷ് ചന്ദും ക്രിമിനല്‍ പശ്ചാത്തലമുള്ള മറ്റൊരു ആളുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു.

ഇന്‍ഷുറന്‍സ് തുകയായ 1.90 കോടി രൂപ തട്ടിയെടുക്കാനാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. മഹേഷ് ചന്ദുവാണ്് ഷാലുവിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. 40 വര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പ്ലാനിലാണ് ചേര്‍ത്തത്. സ്വാഭാവിക മരണത്തിന് ഒരു കോടിയും അപകടമരണത്തിന് 1.90 കോടി രൂപയും ലഭിക്കുന്ന പ്ലാനിലാണ് ഭാര്യയെ ചേര്‍ത്തതെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള മുകേഷ് സിങ്ങുമായി ചേര്‍ന്ന് ഷാലുവിനെ കൊലപ്പെടുത്താന്‍ മഹേഷ് ചന്ദ് തീരുമാനിക്കുകയായിരുന്നു. 10 ലക്ഷം രൂപയാണ് ഇതിനായി മുകേഷ് ആവശ്യപ്പെട്ടത്. മുന്‍കൂറായി 5.5 ലക്ഷം രൂപ നല്‍കി. കൂട്ടാളികളുമായി ചേര്‍ന്നാണ് മുകേഷ്് സിങ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.

2015ലായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷാലു സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. 2019ല്‍ ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ ഷാലു കേസ് നല്‍കിയിരുന്നതായും പൊലീസ് പറയുന്നു.

അടുത്തിടെയാണ് ഷാലുവിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. തുടര്‍ന്ന് ഇക്കാര്യം ഭാര്യയോട് മഹേഷ് പറയുകയും ചെയ്തു. തന്റെ ആഗ്രഹം സഫലമാകാന്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ തുടര്‍ച്ചയായി 11 ദിവസം പോകാന്‍ ഭാര്യയോട് അഭ്യര്‍ഥിച്ചു.  ആഗ്രഹം സഫലമായാല്‍ വീട് തിരിച്ചുനല്‍കുമെന്ന് മഹേഷ് മോഹിപ്പിച്ചു. ഭര്‍ത്താവിന്റെ വാക്ക് കേട്ട് ബന്ധുവിനൊപ്പം ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് അപകടം നടന്നതെന്നും പൊലീസ് പറയുന്നു.

ഷാലുവിനെയും ബന്ധുവിനെയും പിന്തുടര്‍ന്ന് എസ് യുവി ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മഹേഷിന് പുറമേ മുകേഷ് സിങ്ങും രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. ഒളിവില്‍ പോയ മറ്റു രണ്ടു പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com