വിവാഹം കഴിക്കാം എന്ന് പറഞ്ഞ് അടുത്തു, നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി 80ലക്ഷം തട്ടി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

യുവ ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യൂട്യൂബ് വ്‌ളോഗറായ യുവതി അറസ്റ്റില്‍
നമ്ര ഖാദിര്‍, ഫോട്ടോ: ട്വിറ്റർ
നമ്ര ഖാദിര്‍, ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി:യുവ ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യൂട്യൂബ് വ്‌ളോഗറായ യുവതി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയായ നമ്ര ഖാദിറിനെ (22) ആണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികവും യൂട്യൂബില്‍ ആറു ലക്ഷത്തിലധികവും ഫോളോവേഴ്‌സുള്ള വ്‌ലോഗറാണ് നമ്ര ഖാദിര്‍.

ബാദ്ഷാപുര്‍ സ്വദേശിയായ ദിനേഷ് യാദവ് (21) എന്ന യുവാവാണ് ഓഗസ്റ്റില്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ നമ്രയുടെ ഭര്‍ത്താവും യൂട്യൂബറുമായ മനീഷ് എന്നറിയപ്പെടുന്ന വിരാട് ബെനിവാലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 
നമ്ര കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

പരസ്യ സ്ഥാപനം നടത്തുന്ന തന്നെ ഒരു ഹോട്ടലില്‍ വച്ചാണ് നമ്രയും ഭര്‍ത്താവും പരിചയപ്പെടുന്നതെന്ന് ദിനേഷ് യാദവ് പരാതിയില്‍ പറയുന്നു. യൂട്യൂബ് വിഡിയോകള്‍ കണ്ട് ഇരുവരെയും നേരത്തെ അറിയാമായിരുന്നു. ഇവരുടെ ചാനല്‍ വഴി തന്റെ സ്ഥാപനം പ്രമോട്ട് ചെയ്യുന്നതിന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. സെലിബ്രറ്റികളായതിനാല്‍ സംശയം തോന്നാതിരുന്നതിനെ തുടര്‍ന്ന് അന്നുതന്നെ പണം കൈമാറി. പിന്നീട് ചില പരസ്യങ്ങള്‍ ചെയ്യുന്നതിന് 50,000 രൂപ ചോദിക്കുകയും അത് നല്‍കുകയും ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നമ്ര തന്നോട് ഇഷ്ടം പ്രകടിപ്പിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. ഓഗസ്റ്റില്‍ താന്‍ നമ്രയ്ക്കും മനീഷിനുമൊപ്പം ഒരു ക്ലബ്ബില്‍ പാര്‍ട്ടിക്ക് പോയി. അമിതമായി മദ്യപിക്കാന്‍ തന്നെ പ്രേരിപ്പിച്ചു. രാത്രി ഏറെ വൈകി തങ്ങള്‍ അവിടെ ഒരു മുറി ബുക്ക് ചെയ്തു. 

പിറ്റേന്ന് രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ ഞങ്ങള്‍ വിവാഹിതരാണെന്ന് വിരാടും നമ്രയും തുറന്നുപറഞ്ഞു.നഗ്‌നദൃശ്യങ്ങള്‍ കാണിച്ച്, തന്നെ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് നമ്ര ഭീഷണിപ്പെടുത്തി. തോക്കിന്‍മുനയില്‍ നിര്‍ത്തി മനീഷ് കേസില്‍ കുടുക്കുമെന്ന് പറഞ്ഞു. നമ്ര ബാങ്ക് കാര്‍ഡും സ്മാര്‍ട്ട് വാച്ചും പിടിച്ചു വാങ്ങിയതായും പരാതിയില്‍ പറയുന്നു.ഇതിനുശേഷം 80 ലക്ഷത്തിലധികം രൂപയും സമ്മാന സാമഗ്രികളും നമ്ര തട്ടിയെടുത്തതായും ദിനേഷ് ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com