'ഇപ്പോള്‍ ആരാണ് യഥാര്‍ത്ഥ പപ്പു?'; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹുവ മൊയ്ത്ര

സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങളെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങളെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) പുറത്തുവിട്ട ഡേറ്റയെ ആസ്ഥാനമാക്കിയായിരുന്നു മഹുവ മൊയ്ത്രയുടെ വാദഗതികള്‍. 2022-2023 വര്‍ഷത്തെ അധിക ഗ്രാന്റ് ആവശ്യത്തിനുമേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന മഹുവ.

'എല്ലാ ഫെബ്രുവരിയിലും (ബജറ്റ് സമയം) സമ്പദ്‌വ്യവസ്ഥ നല്ല രീതിയില്‍ പോകുന്നുവെന്ന് ജനങ്ങള്‍ വിശ്വസിക്കാനുള്ള പൊടിക്കൈകള്‍ സര്‍ക്കാര്‍ ചെയ്യുന്നു. ഗ്യാസ് സിലിണ്ടര്‍, വീട്, വൈദ്യുതി തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍  എല്ലാവര്‍ക്കും കിട്ടുന്നതായി കാണിക്കുന്നു. ഡിസംബര്‍ ആകുമ്പോള്‍ സത്യം പുറത്തുവരും. ബജറ്റില്‍ കണക്കുകൂട്ടിയതിനേക്കാള്‍ 3.26 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ സര്‍ക്കാരിന് വേണ്ടത്. ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. താഴേക്കു പതിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏറ്റെടുക്കണം'' - മഹുവ പറഞ്ഞു. 

'എന്‍എസ്ഒ പുറത്തുവിട്ട സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം രാജ്യത്തിന്റെ വ്യവസായ ഔട്ട്പുട്ട് ഒക്ടോബറില്‍ 26 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. നാലു ശതമാനം ആണ് അന്ന് താഴ്ന്നത്. 'പപ്പു' എന്ന വാക്ക് രൂപീകരിച്ചത് സര്‍ക്കാരും ഭരണകക്ഷിയുമാണ്. കരിതേച്ചു കാണിക്കാനും കഴിവില്ലായ്മ കാട്ടാനുമാണ് നിങ്ങള്‍ ഈ വാക്ക് ഉപയോഗിക്കുന്നത്. പക്ഷേ, ആരാണ് യഥാര്‍ത്ഥ പപ്പു എന്ന് പുറത്തുവന്ന സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു'- മഹുവ കൂട്ടിച്ചേര്‍ത്തു.

'ധനമന്ത്രി ഇന്നലത്തെ ചോദ്യോത്തര വേളയില്‍ പറഞ്ഞത് ഇന്ത്യയിലേക്ക് 50% നേരിട്ടുള്ള വിദേശനിക്ഷേപം വരുന്നുവെന്നാണ്. എന്നാല്‍ വിദേശകാര്യ സഹമന്ത്രി വെള്ളിയാഴ്ച സഭയെ അറിയിച്ചത്, 2022ലെ ആദ്യ പത്തു മാസത്തിനുള്ളില്‍ 1.83 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുവെന്നാണ്. ഇതോടെ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2014 മുതല്‍ ഈ 9 വര്‍ഷത്തില്‍ ആകെ 12.5 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവച്ചു.'- മഹുവ പറഞ്ഞു. 

'വിദേശരാജ്യങ്ങളില്‍ പൗരത്വം നേടാന്‍ ഇന്ത്യക്കാര്‍ വലിയ തുക മുടക്കാന്‍ തയാറാണ്. ഇതു ആരോഗ്യകരമായ സാമ്പത്തിക പരിസ്ഥിതിയുടെ സൂചനയാണോ? ഇവിടെ ആരാണ് പപ്പു? ഉയര്‍ന്ന വരുമാനമുള്ളവരുടെയും വ്യവസായികളുടെയും മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വാള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. നൂറുകണക്കിന് കോടി രൂപ ഉപയോഗിച്ച് എംഎല്‍എമാരെ ഭരണകക്ഷി വാങ്ങുന്നു. എന്നിട്ടും ഇഡിയുടെ അന്വേഷണ പരിധിയില്‍ വരുന്ന എംപി/എംഎല്‍എമാരില്‍ 95 ശതമാനവും പ്രതിപക്ഷത്തുനിന്നാണ്' - തൃണമൂല്‍ എംപി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com