കോവിഡ് സ്ഥിതി​ വിലയിരുത്താൻ പ്രധാനമന്ത്രി; ഉന്നതതലയോഗം വിളിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2022 10:03 AM  |  

Last Updated: 22nd December 2022 10:03 AM  |   A+A-   |  

modi_pti

പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ

 

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ഉച്ചയ്ക്ക് ശേഷമാണ് യോഗം. പ്രതിരോധ നടപടികള്‍, നിലവിലെ കോവിഡ് സ്ഥിതി തുടങ്ങിയവ പ്രധാനമന്ത്രി വിലയിരുത്തും. കേന്ദ്ര ആരോഗ്യമന്ത്രി, ആരോഗ്യവിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ നാലുപേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ 61 കാരിയിലാണ് ഗുജറാത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോര്‍ട്ട്.

വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം കൂടിയത് കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സ്രവം ജനിതക ശ്രേണീകരണത്തിന് വിധേയമാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യാന്തര വിമാന യാത്രികരുടെ സ്രവസാംപിളുകള്‍ പരിശോധിക്കുന്നതും പുനഃരാരംഭിച്ചിട്ടുണ്ട്. 

നിലവില്‍ രാജ്യത്ത് കൊറോണ വൈറസിന്റെ 10 വ്യത്യസ്ത വകഭേദങ്ങളാണുള്ളത്. ഏറ്റവും പുതിയ വേരിയന്റ് ബിഎഫ്.7 ആണ്. 
അതേസമയം സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോവിഡ് ഭീതി; വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു, മാസ്ക് നിർബന്ധമാക്കിയേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ