ആശങ്കയായി കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ 84 ശതമാനവും ഒമൈക്രോണ്‍; കര്‍ണാടകയില്‍ വര്‍ധന 241 ശതമാനം; ഗോവയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു

മഹാരാഷ്ട്രയില്‍ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുകയാണ്
ഡൽഹി മെട്രോ സ്റ്റേഷനിലെ തിരക്ക്/ എഎൻഐ ചിത്രം
ഡൽഹി മെട്രോ സ്റ്റേഷനിലെ തിരക്ക്/ എഎൻഐ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു ദിവസവും റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 84 ശതമാനവും ഒമൈക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഇന്ന് നാലായിരത്തോളം കേസുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പുതിയ തരംഗം ഒമൈക്രോണ്‍ വകഭേദം മൂലമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഡല്‍ഹി നഗരത്തില്‍ മാത്രം പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമായി ഉയര്‍ന്നു. ഈ ആഴ്ചയില്‍ കോവിഡ് തരംഗം സംസ്ഥാനത്ത് മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. 

ജനുവരിയിലെ ആദ്യ രണ്ടു ദിവസങ്ങളില്‍ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 4669 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജനുവരി ഒന്ന്, രണ്ട് ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ 5910 ആയിട്ടാണ് ഉയര്‍ന്നത്. 

കര്‍ണാടകയില്‍ വര്‍ധന 241 ശതമാനം

കര്‍ണാടകയില്‍ വൈറസ് ബാധ 241 ശതമാനമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് 10,292 രോഗബാധിതരാണ് ചികിത്സയിലുള്ളത്. ബംഗലൂരു നഗരത്തില്‍ മാത്രം 8671 പേര്‍ രോഗബാധിതരാണ്. ബംഗലൂരു നഗരത്തിലാണ് രോഗബാധ ഏറ്റവും കൂടുതല്‍. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 1.08 ശതമാനവും മരണ നിരക്ക് 0.5 ശതമാനവുമായതായി കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.  

മഹാരാഷ്ട്രയിൽ കേസുകൾ കുത്തനെ കൂടുന്നു

മഹാരാഷ്ട്രയില്‍ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുകയാണ്. 42,024 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുംബൈയില്‍ മാത്രം 29,19 കേസുകളാണുള്ളത്. മുംബൈയില്‍ 503 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇതില്‍ 56 പേര്‍ക്ക് ഓക്‌സിജന്‍ സഹായം വേണ്ട അവസ്ഥയാണ്. മുംബൈയില്‍ മാത്രം കോവിഡ് കേസുകളില്‍ 26 ശതമാനത്തിന്റെ വര്‍ധനവാണ് ഉള്ളതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

ഗോവയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു 

അതിനിടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഗോവയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു. ജനുവരി 26 വരെയാണ് അടച്ചത്. രാതരികാല കര്‍ഫ്യൂവും സംസ്ഥാനത്ത് ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. സ്‌കൂളുകളും കോളജുകളും അടച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തുമെന്ന് ഗോവ സര്‍ക്കാര്‍ കോവിഡ് ടാസ്‌ക്‌ഫോഴ്‌സ് സംഘത്തലവന്‍ ഡോ. ശേഖര്‍ സല്‍ക്കാര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com