'ദിവസവും ഓരോ വിക്കറ്റ് വീഴും';18 മന്ത്രിമാര്‍ രാജിവയ്ക്കും: യുപിയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍

ഉത്തര്‍പ്രദേശില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കൊഴിഞ്ഞുപോക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്‌
പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്‌


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കൊഴിഞ്ഞുപോക്ക്. വരുംദിനങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപി ക്യാമ്പ് വിടുമെന്ന് മുന്‍ മന്ത്രിയും എസ്ബിഎസ്പി നേതാവുമായ ഓംപ്രകാശ് രാജ്ഭര്‍ പറഞ്ഞു. 

ഒബിസി വിഭാഗത്തില്‍ നിന്നാണ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് സംഭവിക്കുന്നത്. 'ഓരോ ദിവസം ഓരോ വിക്കറ്റ് വീഴും. ദിവസവും ഒന്നു,രണ്ട് മന്ത്രിമാര്‍ യോഗി സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കും. ജനുവരി 20ഓടെ പതിനെട്ടുപേര്‍ രാജിവയ്ക്കും'ഓംപ്രകാശ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. എന്നാല്‍ ആരൊക്കെയാണ് ബിജെപിയില്‍ നിന്ന് രാജിവയ്ക്കുന്ന മന്ത്രിമാരെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എസ്പി മേധാവി അഖിലേഷ് യാദവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഓംപ്രകാശിന്റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ മത്സരിച്ച ഓംപ്രാകാശിന്റെ പാര്‍ട്ടി ഇത്തവണ എസ്പിക്കൊപ്പമാണ്. ദലിത്,ഒബിസി വിഭാഗങ്ങളോട് ബിജെപിയുടെ സമീപനത്തെ കുറ്റപ്പെടുത്തിയാണ് എംഎല്‍എമാരും മന്ത്രിമാരും രാജിവച്ചത്. 

രാജിവച്ച എംഎല്‍എമാരുടെ എണ്ണം ആറായി

വനം പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദാരാ സിങ് ചൗഹാന്‍ ആണ് ഇന്ന് രാജിവച്ച മന്ത്രി. ഇതോടെ രണ്ടു ദിവസത്തിനിടെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം ആറായി. ദാരാ സിങ് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.

ദലിതുകളുടെയും പിന്നാക്ക സമുദായത്തിന്റെയും പിന്തുണയോടെ അധികാരത്തില്‍ വന്ന ബിജെപി അവരെ തീര്‍ത്തും അവഗണിക്കുകയായിരുന്നെന്ന് ദാരാ സിങ് ചൗഹാന്‍ പറഞ്ഞു. രാജിവച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചൗഹാന്‍. ഭാവി പരിപാടികള്‍ അണികളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു.

മന്ത്രി സ്വാമി പ്രസാദ് മൗര്യ, തിഹാര്‍ എംഎല്‍എ റോഷന്‍ ലാല്‍ വെര്‍മ, ബില്‍ഹര്‍ എംഎല്‍എ ഭഗവതി പ്രദാസ് സാഗര്‍, തിംദ്വാരി എംല്‍എ ബ്രജേഷ് പ്രജാപതി എന്നിവര്‍ ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com