വ്യാജ രേഖകളുണ്ടാക്കി 2.18 കോടി രൂപയുടെ തട്ടിപ്പ്;  മൂന്ന് വര്‍ഷത്തിനിടെ വാങ്ങിയത് അഞ്ച് ബെന്‍സ് കാറുകള്‍; യുവാവ് അറസ്റ്റില്‍

മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വ്യാജ രേഖകളുണ്ടാക്കി ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം തട്ടിച്ച് കാറുകള്‍ വാങ്ങി കൂട്ടിയ യുവാവ് അറസ്റ്റില്‍.  പ്രമോദ് സിങ് എന്നയാളാണ് പിടിയിലായത്.  2.18 കോടി രൂപ തട്ടിപ്പ് നടത്തി അഞ്ച് ബെന്‍സ് കാറുകളാണ് ഇയാൾ മൂന്ന് വര്‍ഷംകൊണ്ട് വാങ്ങിക്കൂട്ടിയത്. 

സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനത്തിന്റെ പരാതിയില്‍ 2018ല്‍ യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.  

ഒരു മേഴ്‌സിഡസ്‌ ബെന്‍സ് കാര്‍ വാങ്ങുന്നതിനായി പ്രമോദ് സിങ് ആദ്യം 27.5 ലക്ഷം രൂപ വായ്പ എടുത്തു. ഇതിൽ  ആദ്യത്തെ മാസങ്ങളില്‍ തിരിച്ചടവ് കൃത്യമായി നടത്തി സ്ഥാപനത്തിന്റെ വിശ്വാസ്യത നേടിയ പ്രമോദ് പിന്നീട് തിരിച്ചടവ് മുടക്കി. ഇതിനിടെ നാല് വായ്പകള്‍ കൂടി പ്രമോദ് സ്ഥാപനത്തില്‍ നിന്ന് തരപ്പെടുത്തി. ആകെ മൊത്തം 2.18 കോടി രൂപയാണ് വായ്പയായി എടുത്തത്. 

കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രമോദ് ഒളിവില്‍ പോയി. ഇതിനിടെ പ്രമോദ് മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വണ്ടികളുടെ ആര്‍സി ബുക്കില്‍ നിന്ന് ലോണ്‍ സംബന്ധിച്ച വിശദാംശങ്ങളും സാമ്പത്തിക സ്ഥാപനത്തിന്റെ പേരും നീക്കം ചെയ്തിരുന്നു. 

ബിസിനസുകാരനായ പ്രമോദിന്റെ ചില സംരംഭങ്ങള്‍ തകരുകയും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് കരകയറാനാണ് വാഹന രേഖകളില്‍ തട്ടിപ്പ് കാണിച്ച് സാമ്പത്തിക ഇടപാട് സ്ഥാപനത്തൈ ഇയാള്‍ കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയതെന്ന് പൊലീസ് സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com