വർഷങ്ങളോളം ഒന്നിച്ചു ജീവിച്ചശേഷം ബന്ധം വഷളാകുമ്പോൾ പീഡന പരാതി നൽകാനാവില്ല; സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 07:15 AM  |  

Last Updated: 16th July 2022 07:15 AM  |   A+A-   |  

SupremeCourtofIndia

ഫയല്‍ ചിത്രം

 

ന്യൂഡൽഹി; സ്വന്തം ഇഷ്ടപ്രകാരം ഏറെക്കാലം ഒരുമിച്ച് ജീവിച്ചശേഷം ബന്ധം വഷളാകുമ്പോൾ ആവർത്തിച്ചുള്ള പീഡനം ആരോപിച്ച് പങ്കാളിക്കെതിരെ നൽകുന്ന പരാതി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആവർത്തിച്ചുള്ള പീഡനം സംബന്ധിച്ച 376(2)എൻ വകുപ്പ് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരമൊരു കേസിൽ പ്രതിക്കു മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 

നാലു വർഷത്തോളം ഒരുമിച്ചു ജീവിച്ചശേഷം ബന്ധം തകർന്നപ്പോഴാണ് പങ്കാളിക്കെതിരെ പീഡനപരാതിയുമായി യുവതി എത്തിയത്. ഒരുമിച്ചു ജീവിച്ചപ്പോൾ കുട്ടി ജനിച്ചെങ്കിലും പങ്കാളി വിവാഹവാഗ്ദാനം പാലിച്ചില്ലെന്നാണ് യുവതി ആരോപിച്ചത്. പ്രതിക്കെതിരെ 376(2)എൻ, 377(പ്രകൃതിവിരുദ്ധ പീഡനം), 506(കുറ്റകരമായ ഭീഷണി) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എന്നാൽ പ്രതിക്ക് രാജസ്ഥാൻ ഹൈക്കോടതി പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്തുകൊണ്ടാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. 

പരാതിക്കാരിക്ക് 21 വയസുള്ളപ്പോഴാണ് ബന്ധം തുടങ്ങിയത്. സമ്മതപ്രകാരമാണു യുവതി എതിർകക്ഷിക്കൊപ്പം ജീവിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തുടർന്നാണ് ഹൈക്കോടതി ഉത്തരവ് ജഡ്ജിമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ടാണു തങ്ങളുടെ നിരീക്ഷണങ്ങളെന്നും കേസന്വേഷണത്തെ അതു സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

 

'സ്വപ്നക്കെതിരെ മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു; വിസമ്മതിച്ചതിന് കേസിൽ പ്രതിയാക്കി'- ആരോപണവുമായി ഡ്രൈവർ

 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ