ജൂലൈയില്‍ കോവിഡ് നാലാം തരംഗം?; ആശങ്കയായി ഒമൈക്രോണിന്റെ വകഭേദങ്ങള്‍ ; പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്രം
By സമകാലിക മലയാളം ഡെസ്ക് | Published: 04th June 2022 01:40 PM |
Last Updated: 04th June 2022 02:07 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യം കോവിഡ് നാലാം തരംഗത്തിന്റെ പിടിയിലേക്ക് പോകുന്നതായി ആശങ്കയുയരുന്നു. രാജ്യത്തെ കോവിഡ് കേസുകളിലുണ്ടായ വര്‍ധനയാണ് ആ ആശങ്കയ്ക്ക് അടിസ്ഥാനം. ജൂലൈയില്‍ രാജ്യത്ത് കോവിഡ് നാലാം തരംഗം രൂക്ഷമായേക്കുമെന്ന് ഐഐടി കാണ്‍പൂരിലെ വിദഗ്ധരുടെ പ്രവചനം. 84 ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3962 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി നാലിനുശേഷമുണ്ടാകുന്ന ഉയര്‍ന്ന രോഗബാധയാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമൈക്രോണ്‍ വകഭേദങ്ങളാണ് പുതിയ തരംഗത്തിന് പിന്നില്‍. രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്ത് ഡല്‍ഹിയില്‍ വിമാനത്താവളങ്ങളിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ക്ക് രോഗവ്യാപനം തടയാന്‍ പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തമിഴ്‌നാട്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.
മെയ് 27 ന് അവസാനിച്ച ആഴ്ചയില്‍ 15,708 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരാഴ്ചയ്ക്കിടെ ജൂണ്‍ 03 ന് അവസാനിച്ച ാഴ്ചയില്‍ ഇത് 21,055 ആയി കുതിച്ചുയര്‍ന്നതായി കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. പ്രതിവാര ടിപിആര്‍ 0.52 ആയിരുന്നത് ഒരാഴ്ച കൊണ്ട് 0.73 ആയാണ് ഉയര്‍ന്നത്.
തമിഴ്‌നാട്ടില്‍ പ്രതിവാര ടിപിആര്‍ 0.4 ആയിരുന്നത് 0.8 ആയാണ് ഉയര്‍ന്നത്. ചെന്നൈ, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുന്നത്. രാജ്യത്തെ പുതിയ രോഗികളില്‍ 31.14 ശതമാനവും കേരളത്തില്‍ നിന്നാണ്. പ്രതിവാര ടിപിആര്‍ 5.2 ല്‍ നിന്ന് 7.8 ആയി കുതിച്ചുയര്‍ന്നു. സംസ്ഥാനത്തെ 11 ജില്ലകളില്‍ രോഗവ്യാപനം ഉയരുകയാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകയില്‍ രോഗസ്ഥിരീകരണ നിരക്ക് 0.8 ല്‍ നിന്നും 1.1 ലേക്ക് ഉയര്‍ന്നു. മഹാരാഷ്ട്രയിലാകട്ടെ രോഗവ്യാപനം കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടിപിആര്‍ 1.5 ല്‍ നിന്നും 3.1 ലേക്ക് കുതിച്ചു. മുംബൈ, താനെ, പൂനെ അടക്കം ആറു ജില്ലകളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
രാജ്യത്ത് ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4, BA.5 എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ പുതിയ തരംഗത്തിന് കാരണമായതാണ് ഈ വകഭേദങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അണുബാധയെക്കുറിച്ച് അമിതമായി ആശങ്കപ്പെടേണ്ടതില്ല. ഭൂരിഭാഗം ജനങ്ങളും വാക്‌സിനേഷന്‍ എടുത്തവരോ അണുബാധയേറ്റവരോ ആയതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വൈറോളജിസ്റ്റുകളും വിദഗ്ധരും അഭിപ്രായപ്പെട്ടു.
നാലാം തരംഗ ഭീതി ശക്തമാകുന്നതിനിടെ, ബോംബെ ഐഐടി കോവിഡ് ക്ലസ്റ്ററായി മാറി. ഇവിടെ 30 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ ഇന്നലെ മാത്രം 700 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹൗസിങ് സൊസൈറ്റികളിൽ പരിശോധനാ ക്യാംപുകൾ സജ്ജീകരിക്കാനും വാർ റൂമുകൾ തുറക്കാനും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർക്ക് നിർദേശം നൽകി. നിലവിൽ ദിവസവും 8000 പരിശോധനകളാണ് നടക്കുന്നത്. ഇത് ദിവസം 30,000 – 40,000 ആക്കി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ