ശിവസേനയ്ക്ക് തിരിച്ചടി; ഉദ്ധവ് സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടണം; സുപ്രീം കോടതി

മൂന്നേകാല്‍  മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ വിധി
ഉദ്ധവ് താക്കറെ/ ഫയല്‍
ഉദ്ധവ് താക്കറെ/ ഫയല്‍

മുംബൈ: ഉദ്ധവ് താക്കറെ മന്ത്രിസഭ നാളെ വിശ്വാസ വോട്ടെടുപ്പ് നേടണമെന്ന് സുപ്രീം കോടതി. മൂന്നേകാല്‍  മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ വിധി.  വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ നിര്‍ദേശം ചോദ്യം ചെയ്തുകൊണ്ട് ശിവസേന നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.ജസ്റ്റിസുമാരായ സുര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിശ്വസ വോട്ടെടുപ്പിനെതിരെ ശിവസേന വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രീം കോടതിയെ സമീപിച്ചത്‌. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വിമതശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദേയ്ക്കും വേണ്ടി ഹാജരായി.

ഷിന്ദേ അടക്കം 16 സേന എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസില്‍ ജൂലയ് 11 വരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യ നോട്ടീസിനെതിരെ ഷിന്ദേ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. ഈ ഹര്‍ജി ജൂലായ് 12-ന് കോടതി വാദം കേള്‍ക്കും. അതുവരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നാണ് നിര്‍ദേശം.

കോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ 16 എംഎല്‍എമാരെ ജൂണ്‍ 21-ന് തന്നെ അയോഗ്യരായി കണക്കാക്കും. അത്തരത്തിലുള്ള അയോഗ്യരാക്കപ്പെടുന്ന എംഎല്‍എമാര്‍ എങ്ങനെ വ്യാഴാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യുമെന്നും സിങ്‌വി വാദിച്ചു.

വിശ്വസ വോട്ടെടുപ്പിന് ഗവര്‍ണര്‍ അനാവശ്യ തിടുക്കം കാട്ടി. മുഖ്യമന്ത്രിയെ വിളിച്ച് വരുത്തുകയോ ചര്‍ച്ച നടത്തുകയോ ചെയ്തില്ല. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അനുസരിച്ച് കൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയും ചെയ്തു

അതേസമയം, ഉദ്ധവ് താക്കറെ ഇന്ന് മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങളെടുത്തു.യോഗത്തില്‍ ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ മാറ്റാന്‍ തീരുമാനമായി. ഔറംഗബാദിനെ ഇനി മുതല്‍ 'സംഭാജിനഗര്‍' എന്നും ഉസ്മാനാബാദിനെ 'ധാരാശിവ്' എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. പണി പൂര്‍ത്തിയാകുന്ന നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പ്രദേശിക നേതാവ് ഡിബി പാട്ടീലിന്റെ പേര് നല്‍കാനും യോഗത്തില്‍ തീരുമാനമായി.

മന്ത്രിസഭായോഗത്തില്‍ വികാരനിര്‍ഭരമായ പ്രസംഗമാണ് ഉദ്ധവ് താക്കറെ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും വലിയ പിന്തുണ ലഭിച്ചു. നിര്‍ഭാഗ്യവശാല്‍ സ്വന്തം പാര്‍ട്ടിയായ ശിവസേനയില്‍ നിന്ന് യാതൊരു വിധ പിന്തുണയും കിട്ടിയില്ല. രണ്ടരക്കൊല്ലം നല്ല പ്രവര്‍ത്തനം നടത്തി. അതിന് ഒപ്പം നിന്നവര്‍ക്ക് നന്ദി എന്ന് അറിയിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

മുഖ്യമന്ത്രി വളരെ നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. എല്ലാ പാര്‍ട്ടികളെയും നന്ദി അറിയിക്കുകയും ചെയ്തതായിമന്ത്രിസഭാ യോഗത്തിന് ശേഷം എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com