കോടതി പറഞ്ഞാല്‍ പുടിന്‍ യുദ്ധം നിര്‍ത്തുമോ?; ചീഫ് ജസ്റ്റിസ്; വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഹര്‍ജി, എജിയുടെ ഇടപെടല്‍ തേടി സുപ്രീംകോടതി

ഓപ്പറേഷന്‍ ഗംഗ വഴി ഇന്ന് 3726 ഇന്ത്യാക്കാര്‍ കൂടി നാട്ടിലെത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുന്ന കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു. കോടതി നടപടികള്‍ ആരംഭിച്ചപ്പോല്‍, ഒരു അഭിഭാഷകനാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന കാര്യം ചീഫ് ജസ്റ്റിസിന്‍രെ കോടതിയില്‍ മെന്‍ഷന്‍ ചെയ്തത്. 

റൊമേനിയന്‍ അതിര്‍ത്തിയില്‍ 230 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ 30 ലേറെ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കൊടും തണുപ്പിലാണ് ഇവര്‍ കഴിയുന്നത്. ആവശ്യത്തിന് ഭക്ഷണം പോലുമില്ലാതെയാണ് കഴിഞ്ഞ ആറുദിവസമായി ഇവര്‍ കഴിയുന്നത്. ഒഡേസ നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

ഇവരെ ഒഴിപ്പിക്കുന്നതിന് കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതില്‍ കോടതി എന്തു നടപടിയെടുക്കണമെന്നാണ് താങ്കള്‍ പ്രതീക്ഷിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കുട്ടികളുടെ അവസ്ഥയില്‍ കോടതിക്ക് സഹതാപമുണ്ട്. വളരെ അസ്വസ്ഥപ്പെടുത്തുന്നതുമാണ്. പക്ഷെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനോട് സുപ്രീംകോടതിക്ക് ആവശ്യപ്പെടാനാകുമോയെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ രക്ഷാദൗത്യം പുരോഗമിക്കുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കാമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ഹര്‍ജിയുടെ കോപ്പി അറ്റോര്‍ണി ജനറലിന് കൈമാറാന്‍ നിര്‍ദേശിച്ചു. കുട്ടികളെ ഒഴിപ്പിക്കുന്നതില്‍ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കാനും കോടതി എജിക്ക് നിര്‍ദേശം നല്‍കി. 

ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ടെന്ന് അറ്റോർണി ജനറൽ കെകെ വേണു​ഗോപാൽ കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി റഷ്യൻ, യുക്രൈൻ പ്രസിഡന്റുമാരോട് സംസാരിച്ചു. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി നാലു കേന്ദ്രമന്ത്രിമാരെ അതിർത്തി രാജ്യങ്ങളിലേക്ക് അയച്ചതായും എജി അറിയിച്ചു. 

നിരവധി വിദ്യാർത്ഥികൾ ഇപ്പോഴും അവിടെയുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. സംവിധാനങ്ങൾ ഫലപ്രദമായി വിനിയോ​ഗിക്കാനും കോടതി നിർദേശിച്ചു. റൊമേനിയൻ അതിർത്തിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ എന്തുകൊണ്ട് അതിർത്തി കടക്കുന്നില്ലെന്ന് എജി ചോദിച്ചു. അയൽരാജ്യങ്ങളിലേക്ക് പോകാൻ യുക്രൈൻ അനുവദിക്കുന്നുണ്ടെന്നും എജി കോടതിയെ അറിയിച്ചു. 

ഇന്ന് 3726 ഇന്ത്യാക്കാര്‍ കൂടി നാട്ടിലെത്തുമെന്ന് കേന്ദ്രമന്ത്രി

അതിനിടെ, ഓപ്പറേഷന്‍ ഗംഗ വഴി ഇന്ന് 3726 ഇന്ത്യാക്കാര്‍ കൂടി നാട്ടിലെത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 19 വിമാനങ്ങളാണ് ഇന്ന് ഇന്ത്യാക്കാരുമായി രാജ്യത്തെത്തുക. രക്ഷാദൗത്യത്തില്‍ മൂന്ന് വ്യോമസേനാ വിമാനങ്ങള്‍ കൂടി പങ്കെടുക്കും.

ബുക്കാറസ്റ്റില്‍ നിന്നും എട്ടും, സുക്കാവയില്‍ നിന്നും രണ്ടും, കോസിസില്‍ നിന്ന് ഒരു വിമാനവും ഇന്ത്യയിലേക്ക് തിരിക്കും. ബുഡാപെസ്റ്റില്‍ നിന്ന് അഞ്ച്, റെസോവില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ എന്നിവയും യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുമായി നാട്ടിലേക്ക് തിരിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 

യുക്രൈനില്‍ നിന്നും രക്ഷപ്പെടുത്തി സ്ലോവാക്യയിലെത്തിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി കോസിസ് വിമാനത്താവളത്തില്‍ വെച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സംസാരിച്ചു. അതിനിടെ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നും ഇന്ത്യക്കാരുമായി ഒരു വിമാനം രാവിലെ ന്യൂഡല്‍ഹിയിലെത്തി. കേന്ദ്രമന്ത്രിമാരായ വീരേന്ദ്രകുമാറും മുക്താര്‍ അബ്ബാസ് നഖ്‌വിയും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com