ക്വാഡ് നേതാക്കളുടെ നിര്‍ണായക യോഗം ഇന്ന്; ജോ ബൈഡനും മോദിയും പങ്കെടുക്കും

2021 സെപ്റ്റംബറിലാണ് ഇതിന് മുന്‍പ് യോഗം കൂടിയത്
മോദി-ബൈഡന്‍ കൂടിക്കാഴ്ച, ഫയല്‍/ എപി
മോദി-ബൈഡന്‍ കൂടിക്കാഴ്ച, ഫയല്‍/ എപി

ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കുന്ന ക്വാഡ് യോഗത്തെ ലോകം ഉറ്റുനോക്കുന്നു. ഇന്ന് വിര്‍ച്വലായാണ് യോഗം. ഇന്തോ- പസഫിക് മേഖലയില്‍ ഉണ്ടാവുന്ന സുപ്രധാന മാറ്റങ്ങള്‍ സംബന്ധിച്ച് ഇന്ത്യയ്ക്ക് തങ്ങളുടെ ആശയങ്ങള്‍ കൈമാറുന്നതിനും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുന്നതിനും ഉച്ചക്കോടി അവസരം ഒരുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

2021 സെപ്റ്റംബറിലാണ് ഇതിന് മുന്‍പ് യോഗം കൂടിയത്. യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തില്‍ ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്ന യോഗത്തെ ഉറ്റുനോക്കുകയാണ് ലോകം. യുഎന്നില്‍ റഷ്യയ്‌ക്കെതിരെയുള്ള പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നുവെങ്കിലും  മറ്റു മൂന്ന് രാജ്യങ്ങള്‍ യുക്രൈനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ആദ്യമായി യോഗം ചേര്‍ന്നത്. സെപ്റ്റംബറില്‍ വാഷിംഗ്ടണില്‍ വച്ച് നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. വാക്‌സിന്‍ ഉല്‍പ്പാദനം, കണക്ടിവിറ്റി പ്രോജക്ടുകള്‍, സാങ്കേതികവിദ്യ തുടങ്ങിയ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് ക്വാഡിന്റെ ആത്യന്തികമായ ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com